ഇറാഖിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന ഇറാന്റെ നടപടികളെ അപലപിച്ച് സൌദി
മേഖല ഇനിയും പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഇറാന്‍ സംയമനം പാലിക്കണമെന്ന് സൌദി പ്രസ് ഏജന്‍സി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു
ഇറാഖിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന ഇറാന്റെ നടപടികളെ അപലപിച്ച് സൌദി അറേബ്യ. മേഖല ഇനിയും പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഇറാന്‍ സംയമനം പാലിക്കണമെന്ന് സൌദി പ്രസ് ഏജന്‍സി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇറാഖിനൊപ്പം നിലകൊള്ളുമെന്ന് സൌദി വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും വ്യക്തമാക്കി. യു.എസ്-ഇറാന്‍ ബന്ധം വഷളായതോടെ ഇരു കൂട്ടരും സായുധ നീക്കങ്ങള്‍ക്ക് സജ്ജമായിരുന്നു. ഇതിനിടെ സൌദി പ്രതിരോധ സഹ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
പ്രശ്നം രൂക്ഷമായാല്‍ മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന സൌദി നിലപാട് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് ചെയ്ത ട്വീറ്റില്‍, ഇറാഖിലെ സഹോദരങ്ങള്‍ക്കൊപ്പം നില കൊള്ളുമെന്ന് അദ്ദേഹം പറയുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്ന ഇറാഖിനെ പുനരുദ്ധരിക്കാനായി സൌദി അറേബ്യ സഹായങ്ങള്‍ ചെയ്തതാണ്. വിവിധ കരാറുകളും ഇതിന്റെ ഭാഗമായി ഒപ്പു വെച്ചു. അറബ് രാജ്യങ്ങള്‍ ഇറാഖിന് പിന്തുണ നല്‍കണമെന്നും യുദ്ധ സാഹചര്യം ഇല്ലാതാക്കണമെന്നും സൌദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സുരക്ഷയും സ്ഥിരതയും അറബ് പാരമ്പര്യവും തിരികെ പിടിക്കാന്‍ ഇറാഖിനൊപ്പം നില്‍ക്കുമെന്ന് സൌദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും ട്വീറ്റ് ചെയ്തു.