കൊറോണ: ചൈനയില്‍ നിന്ന് സൗദിയിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ചൈനയില്‍ നിന്ന് സൗദിയിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അവിടെ കൊറോണ ബാധിച്ച് 17 പേർ ഇതിനോടകം മരണപ്പെടുകയും വിവിധ പ്രവശ്യകളിലായി 540 പേർക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്നും നേരിട്ടോ, അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവൻ വിമാനയാത്രക്കാരേയും നിരീക്ഷിക്കുവാൻ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പൊതു മാർക്കറ്റുകൾ, ചത്തതോ ജീവനുള്ളതോ ആയ മൃഗങ്ങളുമായുളള ഇടപെടെലുകൾ, മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
വൈറസ് പടരുന്ന കാരണങ്ങളെ കുറിച്ച് കുറിച്ച് ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. വ്യക്തികൾക്കിടിയിൽ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര വിമാനയാത്രയിലൂടെ വൈറസ് പടരുന്നതിനെ കുറിച്ച് ആശങ്ക ഉയർത്തുന്നതായും മന്ത്രാലയം അറിയിച്ചു.