സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായി ടൂറിസം അതോറിറ്റി
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം മൂന്നര ലക്ഷത്തോളം ടൂറിസ്റ്റ് വിസകളാണ് സൌദി അനുവദിച്ചത്
സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായി ടൂറിസം അതോറിറ്റി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതി ദിനം 3500ഓളം ടൂറിസ്റ്റ് വിസകളാണ് രാജ്യത്ത് അനുവദിച്ചത്. 2030ഓടെ 100ദശലക്ഷം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായവശ്യമായ പദ്ധതികളാണ് സൌദി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ 27നാണ് സൌദിയിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. ടുറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപ മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് ദേശീയ വരുമാനത്തിന് 10 ശതമാനം സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം മൂന്നര ലക്ഷത്തോളം ടൂറിസ്റ്റ് വിസകളാണ് സൌദി അനുവദിച്ചത്. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനാകും വിധം ഹോട്ടലുകളുടെ ലൈസൻസ് നടപടികൾ പരിഷ്കരിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി ചെയർമാൻ അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, എന്നീ രാജ്യങ്ങളുടെ വിസയും ഷെൻഗൺ വിസയുമുള്ളവർക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയതോടെ രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സൌദിയെ ലോക ടൂറിസ്റ്റ് ഭൂപ്പടത്തിന്‍റെ നെറുകയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ടെന്ന് അഹ്മദ് അൽ ഖത്തീബ് പറഞ്ഞു.