സൗദിയില്‍ പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
ചൈനയില്‍ നിന്ന് എത്തുന്നവരെ വിദഗ്ദ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്
സൗദിയില്‍ പുതിയ കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. വൈറസ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില്‍ നിന്ന് എത്തുന്നവരെ വിദഗ്ദ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്.
സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ് രാജ്യത്ത് ഇതുവരെ പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയും എത്തുന്നവരെ വിദഗ്ദ പരിശോധനക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശങ്ങളില്‍ നിന്നെത്തുന്ന ചരക്കുകള്‍ വഴി വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രാലയം സംശയകരമായ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംശയകരമായ സാഹചര്യങ്ങളില്‍ സ്രവങ്ങളുടെ സാമ്പിളെടുത്ത് ലബോറട്ടറികളിലേക്ക് പരിശോധനക്കയക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് രോഗം പടരുന്നത് തടയാനുള്ള സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.