അമ്പത് പാക്കറ്റ് സിഗരറ്റ് വരെ വ്യക്തികള്‍ക്ക് കൊണ്ടു വരാം; പുതിയ ഇളവുമായി സൗദി കസ്റ്റംസ്

വ്യക്തികള്‍ക്ക് പരമാവധി അമ്പത് പാക്കറ്റ് സിഗരറ്റാണ് ഇത് വഴി രാജ്യത്തേക്ക് കൊണ്ടു വരാന്‍ സാധിക്കുക.

Update: 2020-01-28 18:42 GMT

സിഗരറ്റ് ഉല്‍പന്നങ്ങള്‍ സ്വന്തം ആവശ്യത്തിന് നികുതി നല്‍കി രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് സൗദി കസ്റ്റംസ് അനുമതി നല്‍കി. വ്യക്തികള്‍ക്ക് പരമാവധി അമ്പത് പാക്കറ്റ് സിഗരറ്റാണ് ഇത് വഴി രാജ്യത്തേക്ക് കൊണ്ടു വരാന്‍ സാധിക്കുക.

സൗദി കസ്റ്റംസ് ഡെപ്യൂട്ടി ഗവര്‍ണര്‍ സുലൈമാന്‍ അല്‍തുവൈജിരിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക് സ്വന്തം ആവശ്യത്തിനായി അമ്പത് പാക്കറ്റ് വരെ സിഗററ്റ് കൂടെ കൊണ്ടു വരാന്‍ അനുവാദം നല്‍കും. എന്നാല്‍ ഇതിന് നിയമപ്രാകരമുള്ള നികുതി അടച്ചിരിക്കണം. രാജ്യത്തേക്ക് സിഗററ്റ് ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ അനുപാതത്തിലാണ് വ്യക്തികള്‍ക്കും നികുതി ബാധകമാവുക.

Advertising
Advertising

പുതിയ ഇളവ് അനുവദിക്കുന്നതിന് സൗദി കസ്റ്റംസും, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും, വാണിജ്യ നിക്ഷേപ മന്ത്രാലയവും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് നികുതിയൊടുക്കാതെ കൂടെ കരുതാവുന്ന സിഗററ്റ് പാക്കുകളുടെ പരമാവധി എണ്ണം പത്താണ്. ഇത് തുടര്‍ന്നും അനുവദിക്കും. രാജ്യത്ത് വില്‍ക്കുന്ന സിഗററ്റ്, പുകയില ഉല്‍പന്നങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും വര്‍ധനവ് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Tags:    

Similar News