‘എല്ലാം വ്യാജ പ്രചരണങ്ങള്‍’; കൊറോണ ബാധയില്ലെന്ന് ആവര്‍ത്തിച്ച് സൗദി
സൗദിയില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ ബാധയേറ്റതായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് രാജ്യത്ത് ഇത് വരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വൈറസ് വ്യാപനത്തിനെതിരില്‍ രാജ്യം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനം നടന്ന ചൈനയില്‍ നിന്നുള്ള മുഴുവന്‍ ഗതാഗത മാര്‍ഗങ്ങളിലും ശക്തമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. ഇത് വരെ ചൈനയില്‍ നിന്നെത്തിയ രണ്ടായിരത്തി നാഞ്ഞൂറ്റി നാല്‍പ്പത്തി നാല് നേരിട്ടുള്ള വിമാന സര്‍വീസുകളും അഞ്ഞൂറ്റി മുപ്പത് പരോക്ഷ സര്‍വീസുകളും കര്‍ശന പരിശോധനക്ക് വിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകള്‍ നടന്നു വരുന്നത്. സംശയകരമായ സാഹചര്യങ്ങളില്‍ രോഗിയുടെ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനക്കയച്ച് ഫലം ഉറപ്പ് വരുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി തൗഫീഖ് അല്‍ റബീഉം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.