വിദേശ വരുമാനത്തിന് നികുതിയടക്കേണ്ടതില്ലെന്ന് സൌദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
രാജ്യത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനവും അത് ഇന്ത്യയിലെ ബിസിനസിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല
വിദേശ ഇന്ത്യക്കാർക്കുള്ള നികുതി നിർദേശത്തിൽ സൗദിയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിശദീകരണം നൽകി. നികുതിയടക്കാതിരിക്കാൻ ചിലർ താമസം മറ്റുരാജ്യങ്ങളിലേക്ക് മാറ്റിയതിനാലാണ് പുതിയ വ്യവസ്ഥ. രാജ്യത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി അടക്കേണ്ടതില്ലെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യക്കാരനായ ഒരാൾ മറ്റേതെങ്കിലും രാജ്യത്ത് നിലവിൽ നികുതിയടക്കാൻ ബാധ്യസ്ഥനല്ലെങ്കിൽ അയാളെ ഇന്ത്യയിലെ സ്ഥിരതാമസക്കാരനായാണ് കണക്കാക്കുകയെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ ചിലർ തങ്ങളുടെ താമസസ്ഥലം താരതമ്യേന താഴ്ന്ന നികുതി ഉള്ളതോ നികുതി തീരെ ഇല്ലാത്തതോ ആയ രാജ്യങ്ങളിലേക്ക് മാറ്റിയതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ വ്യവസ്ഥ. എന്നാലിത് ഗൾഫ് നാടുകളിലേതടക്കം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളികൾക്ക് അവരുടെ വരുമാനത്തിന്മേൽ നികുതി ചുമത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കോൺസുലേറ്റ് അറിയിച്ചു.
ബജറ്റിൽ നിർദേശിച്ച പുതിയ വ്യവസ്ഥ പ്രകാരം ഒരു ഇന്ത്യൻ പൗരൻ ഇന്ത്യയിൽ താമസക്കാരനായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ, രാജ്യത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനവും അത് ഇന്ത്യയിലെ ബിസിനസിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. ആവശ്യമെങ്കിൽ ഇനിയും ഇക്കാര്യത്തിൽ പ്രസക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.