കൊറോണ; അതീവ മുന്‍കരുതലുമായി സൗദി അറേബ്യ
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയം ഇന്നിറക്കിയ പ്രസ്താവനയിലും രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിച്ച പത്ത് സ്വദേശി വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധ കണ്ടെത്താനായില്ല. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും ഇവരെ പ്രത്യേകം സജ്ജമാക്കിയ താമസ സ്ഥലത്തേക്ക് മാറ്റി. ഇവിടെ എല്ലാവിധ ആരോഗ്യ പരിചരണത്തിനും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ടാഴ്ച വരെ ഐസോലേഷന്‍ ചെയ്ത ഈ പ്രത്യേക കേന്ദ്രത്തിലായിരിക്കും വിദ്യാര്‍ഥികളെയും വിമാന ജീവനക്കാരെയും പാര്‍പ്പിക്കുക. ഒപ്പം രാജ്യത്തേക്ക് വൈറസ് ബാധ വ്യാപിക്കാതിരിക്കാന്‍ അതീവ മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ സ്‌കൂളുകള്‍ വഴിയും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വഴിയും രോഗത്തെ കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും നടന്നു വരുന്നുണ്ട്. രാജ്യത്തേക്ക് കടക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, വിമാന ത്താവളങ്ങളിലും, തുറമുഖങ്ങളിലും എത്തുന്നവരെ കര്‍ശനമായ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കിയാണ് കടത്തി വിടുന്നത്.
രാജ്യത്തെ കൃഷിക്കാരോടും പുറം ജോലി ചെയ്യുന്നവരോടും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതിന് നിയന്ത്രണം പാലിക്കാന്‍ അതത് മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ തുടക്കം മുതല്‍ പ്രത്യേകമായി പാര്‍പ്പിക്കുന്നതിനും നിരിക്ഷിക്കുന്നതിനും ഐസോലേഷന്‍ വാര്‍ഡുകള്‍ പ്രധാന ആശുപത്രികളിലെല്ലാം സജ്ജമാക്കിയിട്ടുമുണ്ട്.