പ്രവാസോത്സവത്തിനായി പ്രവാസികളൊരുങ്ങി; ജിദ്ദയില്‍ കലാകാരന്മാര്‍ നാളെ മുതല്‍ എത്തും
സൗദിയില്‍ ആദ്യമായെത്തുന്ന മീഡിയവണ്‍ പ്രവാസോത്സവത്തിനായി കലാകാരന്മാര്‍ നാളെ മുതല്‍ എത്തും. നടന്‍ പൃത്വിരാജും മുപ്പതോളം കലാ പ്രതിഭകളുമാണ് ചടങ്ങിൽ മാറ്റുരക്കുക. പരിപാടി നടക്കുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കിലേക്ക് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസുകളുണ്ടാകും. വിപുലമായ ഭക്ഷ്യമേളയും പ്രവാസോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
അഞ്ചു മണിക്കൂറോളം നീളുന്ന സംഗീത വര്‍ണ വിസ്മയ താര രാവിനാണ് വെള്ളിയാഴ്ച ജിദ്ദ സാക്ഷ്യം വഹിക്കുക. സൗദിയിലേക്ക് ആദ്യമായെത്തുന്ന പ്രവാസോത്സവത്തിലെ പ്രധാന കാറ്റഗറികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ടിക്കറ്റുകള്‍ കൂട്ടത്തോടെ സ്വന്തമാക്കി ആവേശത്തിലാണ് ജിദ്ദയിലെയും സമീപ പ്രവിശ്യയിലെയും പ്രവാസികള്‍.
50 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വി.ഐ.പി, വി.വി.ഐ.പി കാറ്റഗറികളിലെ ടിക്കറ്റുകള്‍ ഏതാനും എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇതിനകം ആയിരങ്ങള്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. പരിപാടിക്കായി കലാകാരന്മാര്‍ നാളെ മുതല്‍ എത്തും. ഷോ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ജിദ്ദയില്‍ എത്തിക്കഴിഞ്ഞു.
ജിദ്ദയിലെ ശറഫിയ്യ. സനായിയ്യ, ഹൈഫ മാൾ, ഫൈസലിയ്യ, ജാമിയ, ബവാദി തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടി നടക്കുന്ന ഇക്വസ്ട്രിയന്‍ പാര്‍ക്കിലേക്ക് ബസ് സൗകര്യമുണ്ടാകും. 25 മീറ്റര്‍ വീതിയില്‍ പടു കൂറ്റന്‍ വേദിയാണ് പരിപാടിക്കായി ഒരുങ്ങുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് അനായാസം ഇരിക്കാവുന്നതാണ് നഗരി. പതിനായിരത്തോളം വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം. പരിപാടിയില്‍ വിവിധ സ്റ്റാളുകളിലായി ഭക്ഷ്യ മേളയും നടക്കും. പ്രവാസോത്സവത്തിലേക്ക് രണ്ട് രാവുകള്‍ മാത്രം ശേഷിക്കേ ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് പ്രവാസികള്‍.