മീഡിയവണ്‍ പ്രവാസോത്സവത്തിനായി ജിദ്ദ ഒരുങ്ങി
പരിപാടി നടക്കുന്ന ജിദ്ദ ഇക്വിസ്ട്രിയന്‍ പാര്‍ക്കില്‍ വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ യുവ താരം പ്രിത്വിരാജ് സുകുമാരനാണ് മീഡിയവണ്‍ പ്രവാസോത്സവത്തിലെ മുഖ്യാതിഥി
മീഡിയവണ്‍ ഒരുക്കുന്ന പ്രവാസോത്സവത്തിനായി സൌദി അറേബ്യയിലെ ജിദ്ദയില്‍ കൂറ്റന്‍ വേദിയൊരുങ്ങി. പരിപാടി നടക്കുന്ന ജിദ്ദ ഇക്വിസ്ട്രിയന്‍ പാര്‍ക്കില്‍ വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ യുവ താരം പ്രിത്വിരാജ് സുകുമാരനാണ് മീഡിയവണ്‍ പ്രവാസോത്സവത്തിലെ മുഖ്യാതിഥി. പ്രിത്വിരാജ് അടക്കമുള്ള കാലാകാരന്‍മാര്‍ നാളെ പുലര്‍ച്ചെ മുതല്‍ ജിദ്ദയിലെത്തും. സൌദി ഭരണകൂടത്തില്‍ നിന്നുള്ളവരും അതിഥികളായെത്തും.
അഞ്ച് മണിക്കൂര്‍ നീളുന്ന വിനോദ പരിപാടി പ്രാര്‍ഥന സമയമൊഴിച്ച് ഇടവേളകളില്ലാതെ തുടരും. സ്റ്റീഫന്‍ ദേവസ്സിയുടെ മെഗാ ബാന്‍ഡ് കണ്‍സേര്‍ട്ടാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഒപ്പം വിധു പ്രതാപ്, മഞ്ജരി, അന്‍വര്‍ സാദത്ത്, അനിത ഷെയ്ഖ് എന്നിവരുടെ പാട്ടു വിരുന്നും നടക്കും. സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കബീര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മെഗാ കോമഡി ഷോയും പരിപാടിയുടെ ഭാഗമാണ്. കൂറ്റന്‍ സ്റ്റേജില്‍ വിനോദത്തിനൊപ്പം ജിദ്ദ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയം കൂടിയാകും ഉണ്ടാവുക.
ആയിരങ്ങളാണ് ഇതിനകം മീഡിയവണ്‍ പ്രവാസോത്സവത്തിനായി ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. വ്യാഴാഴ്ച അവസാന ഘട്ട ടിക്കറ്റ് വില്‍പന നടക്കും. പ്രവേശന പാസുകളില്ലാതെ ഒരാള്‍ക്കും സദസ്സിലേക്ക് പ്രവേശനമുണ്ടാകില്ല. ടിക്കറ്റെടുത്തവര്‍ക്ക് മാത്രമായാണ് ക്രമീകരണം നടത്തുക. മുന്നൂറോളം പേര്‍ പരിപാടി നടക്കുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കില്‍ സുരക്ഷക്കായുണ്ടാകും. പൊലീസ്, ട്രാഫിക് വിഭാഗം, മെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവയും ഗ്രൌണ്ടിലുണ്ടാകും. കുടുംബങ്ങളും കൂട്ടായ്മകളും ഒന്നിച്ച് ടിക്കറ്റുകള്‍ സ്വന്തമാക്കി പ്രവാസോത്സവത്തിനായി കാത്തിരിപ്പിലാണ്.