മീഡിയവണ്‍ പ്രവാസോത്സവത്തിന് ഇന്ന് തുടക്കമാകും
പൃഥ്വിരാജ് സുകുമാരനാണ് മുഖ്യാതിഥി. 20,000 പേര്‍ക്കിരിക്കാവുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കാണ് വേദി. സൌദിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടി.വി ചാനല്‍ സര്‍ക്കാര്‍ അനുമതിയോടെ മെഗാഷോ സംഘടിപ്പിക്കുന്നത്
മീഡിയവണ്‍ ഒരുക്കുന്ന പ്രവാസോത്സവത്തിന് സൌദിയിലെ ജിദ്ദയില്‍ ഇന്ന് തുടക്കമാകും. നടന്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രവാസോത്സവത്തിലെ മുഖ്യാതിഥി. 20,000 ത്തോളം പേര്‍ക്കിരിക്കാവുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കാണ് വേദി. സൌദിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ സര്‍ക്കാര്‍ അനുമതിയോടെ മെഗാ ഷോ സംഘടിപ്പിക്കുന്നത്.
സൌദി അറേബ്യയില്‍ ആദ്യമായാണ് തുറന്ന വേദിയിലും മൈതാനത്തും ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ പ്രവാസികള്‍ക്കായി ആഘോഷരാവ് നടത്തുന്നത്. സൌദി എന്‍റര്‍ടെയിന്റ്മെന്റ് അതോറിറ്റി അനുമതിയോടെയാണ് പരിപാടി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ നഗരിയിലേക്ക് വൈകുന്നേരം നാലു മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാം. വൈകീട്ട് ഏഴിനാണ് പരിപാടിയുടെ തുടക്കം.
നടന്‍ പ്രിത്വിരാജ് സുകുമാരനാണ് മുഖ്യാതിഥി. പരിപാടിക്കായി താരങ്ങളെല്ലാം ജിദ്ദയിലെത്തി. സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡും, വിധു പ്രതാപ്, മഞ്ജരി, അന്‍വര്‍ സാദത്ത്, അനിത ഷെയ്ഖ് തുടങ്ങിയവരും പാട്ടിന്‍റെ പെരുന്നാള്‍ തീര്‍ക്കും. ഒപ്പം നവാസ് വള്ളിക്കുന്നും, സുരഭിയും കബീറും ചേര്‍ന്നൊരുക്കുന്ന കോമഡിയുമുണ്ടാകും.
നഗരിയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടിയുടെ ഭാഗമായി സുരക്ഷാസംവിധാനങ്ങളുണ്ടാകും. ഓരോ ടിക്കറ്റ് കാറ്റഗറിക്കും പ്രത്യേകമാണ് പ്രവേശനം. പ്രവേശന പാസില്ലാതെ നഗരിയിലേക്ക് പ്രവേശിക്കാനാകില്ല. രാത്രി എട്ടുമണിവരെ നഗരിക്കരികില്‍ പ്രവേശന പാസുകള്‍ ലഭിക്കും.