സൗദിയില്‍ കൊറോണ ഇല്ല; ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രാലയം
ജിദ്ദ, റിയാദ്, ദമ്മാം വിമാനതാവളങ്ങളില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി.
സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രാലയം. രാജ്യത്തേക്ക് വൈറസ് ബാധ പടരുന്നത് തടയാന്‍ കര്‍ശനമായ നടപടികള്‍ പുരോഗമിക്കുകയാണ്. ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാരെ വിമാനതാവളങ്ങളില്‍ വെച്ച് തന്നെ നിരീക്ഷിക്കുന്നുണ്ട്.
ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ രാജ്യത്ത് കര്‍ശനമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളുമാണ് സൌദി സ്വീകരിച്ചത്. ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ദിനംപ്രതി പരിശോധനയുടെയും നിരീക്ഷണത്തിന്റേയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നുണ്ട്.
ജിദ്ദ, റിയാദ്, ദമ്മാം വിമാനതാവളങ്ങളില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി. തീര്‍ഥാടകരടക്കം കര്‍ശനമായ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളിലെത്തുവരെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്.
കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത് മുതല്‍ ഇത് വരെ സ്വദേശികളുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ ചൈനയില്‍ നിന്ന് രാജ്യത്തെത്തിയിട്ടുണ്ട്. ഇവരില്‍ മൂവായിരത്തിലധികം പേര്‍ നേരിട്ടുള്ള വിമാനങ്ങളിലും ബാക്കിയുള്ളവര്‍ മറ്റുള്ള വിമാനങ്ങളിലുമാണ് രാജ്യത്തെത്തിയത്. ശക്തമായ മുന്നൊരുക്കവും പ്രതിരോധവുമാണ് നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.