സൗദിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്
സൗദി അറേബ്യയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര സൌരോര്‍ജ സഖ്യത്തില്‍ ഭാഗമാകാനും സൌദി തീരുമാനിച്ചിട്ടുണ്ട്.
സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്. രാജ്യത്തെ ആദ്യ കൃത്രിമ മഴ പദ്ധതിക്ക് അംഗീകാരം നൽകിയതാണ് ഇതില്‍ ശ്രദ്ധേയം. പരിസ്ഥിതി കൃഷി ജല വകുപ്പ് മന്ത്രി സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നെന്ന് വാർത്താവിതരണ മന്ത്രി തുർക്കി അൽശബാന അറിയിച്ചു. സൗദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയിരുന്നു. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്പ് സൗദി ശുറാ കൗൺസിൽ അംഗീകാരം നൽകിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നൽകുകയായിരുന്നു. കൊറിയയുമായി ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് കൂടുതല്‍ രാജ്യങ്ങളുമായി സഹകരണ കരാര്‍ നേരത്തെ ഒപ്പു വെച്ചിരുന്നു.