സ്വപ്‌ന ചിറക് വിരിച്ച് എയര്‍ ഇന്ത്യ; ജിദ്ദ-കോഴിക്കോട് സെക്ടറില്‍ യാത്ര തുടങ്ങി
ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പാണ് ലഭിച്ചത്
കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ ജംബോ വിമാന സര്‍വ്വീസ് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പാണ് ലഭിച്ചത്. നഷ്ടപെട്ട വിമാന സര്‍വ്വീസ് തിരിച്ച് കിട്ടിയതിന്റെ സന്തോഷം യാത്രക്കാരിലും പ്രകടമായിരുന്നു.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാനായി എത്തിയ യാത്രക്കാരെ എയര്‍ ഇന്ത്യ വെസ്റ്റേണ്‍ റീജിണല്‍ മാനേജറുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മധുരപാനീയങ്ങള്‍ നല്‍കിയാണ് ജിദ്ദ വിമാനതാവളത്തില്‍ സ്വീകരിച്ചത്. കൗണ്ടറുകള്‍ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചും, കേക്ക് മുറിച്ച് വിതരണം ചെയ്തും എയര്‍ ഇന്ത്യ അധികൃതര്‍ സന്തോഷം പങ്കുവെച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം യാത്രകാരിലും പ്രകടമായിരുന്നു. വ്യവസായ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും ആദ്യയാത്രയില്‍ പങ്കാളികളായി. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമായുള്ള ഈ സര്‍വ്വീസ് താമസിയാതെ തന്നെ എല്ലാ ദിവസങ്ങളിലുമായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും തീര്‍ത്ഥാടകരും.