സ്മാർട്ട് ഹജ്ജ് പദ്ധതി വിപുലമാക്കാന്‍ ഹജ്ജ്-ഉംറ മന്ത്രാലയം
ഹജ്ജ് വേളകളിൽ തീർത്ഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് പുതിയ ശ്രമം.
സ്മാർട്ട് ഹജ്ജ് പദ്ധതി ഈ വര്‍ഷം മുതല്‍ വ്യാപിപ്പിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. തീര്‍ഥാടകര്‍ രാജ്യത്ത് ഇറങ്ങുന്നതു മുതല്‍ മടങ്ങിപ്പൊകുന്നത് വരെയുള്ള കാര്യങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രായമേറിയ തീര്‍ഥാടകരെ കാണാതായല്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടെ ഇത്തവണ വിപുലമായി നടപ്പാക്കും.
ഹജ്ജ് വേളകളിൽ തീർത്ഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് വേണ്ടിയാണ് പുതിയ ശ്രമം. സ്മാർട്ട് ഹജ്ജ് എന്ന പേരില്‍ നേരത്തെ ആരംഭിച്ച പദ്ധതി കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തി.
തീർഥാടകരുടെ യാത്രയും ഗതാഗത സേവനങ്ങളും കൂടുതൽ എളുപ്പമാക്കുന്നതിന് പദ്ധതി സഹായകരമായിട്ടുണ്ട്. ഹജ്ജിനായി തീര്‍ഥാടകന്‍ പുറപ്പെടുന്ന രാജ്യത്ത് നിന്നു തന്നെ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കല്‍, ഓരോ ഹാജിക്കും ട്രാക്കിങ് വാച്ച് ഏര്‍പ്പെടുത്തല്‍, ആരോഗ്യ വിവരങ്ങള്‍ ഒരു പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇതിലൂടെ മെച്ചപ്പെട്ട സേവനങ്ങളാണ് തീര്‍ഥാടകര്‍ക്ക് ലഭിക്കുക.
അന്താരാഷ്ട്ര കമ്പനികളുമായും സാങ്കേതിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ഇതിന്‍റെ വിപുലമായ പദ്ധതി തയ്യാറാക്കുന്നുണ്ട്. മിനായിലെത്തുന്ന ഹാജിമാര്‍ മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തീകരിക്കുന്നത് അനായമാക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യ ഇത്തവണയുണ്ടാകും. തിരക്കില്ലാതെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയതാണിത്.