കൊറോണ; സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്
ഇറാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് നടപടി.
സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇറാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് നടപടി.
പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായാണ് രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇറാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. കൊറോണ വൈറസ് ബാധയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിച്ച് പോരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. വിലക്ക് ലംഘിച്ച് ഇറാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ട്രാവല്‍ ഡോക്യുമെന്റ് റെഗുലേഷന്റേയും ബൈലോകളുടേയും റെഗുലേറ്ററി വ്യവസ്ഥകള്‍ ബാധകമാകും.
കൂടാതെ 14 ദിവസത്തേക്ക് പ്രത്യേകമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് ഇറാനിലേക്ക് യാത്ര ചെയ്യുന്നത് വിദേശിയാണെങ്കില്‍, അവരെ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. സൗദിയിലെത്തുന്ന എല്ലാ യാത്രക്കാരും, രാജ്യത്തെത്തുന്നതിന് രണ്ടാഴ്ച മുമ്പ് ഇറാനില്‍ പോയിട്ടുണ്ടോ എന്ന കാര്യം പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതാണെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.