കൊറോണ ഭീതി ലോക സമ്പദ്ഘടനയില്‍ പ്രതിഫലിക്കും: G20 സമ്മേളനം
സൗദിയിലെ റിയാദില്‍ നടക്കുന്ന ജി20 സാമ്പത്തിക സമ്മേളനത്തില്‍ ചൈനയുടെ തിരിച്ചു വരവ് പ്രധാന ചര്‍ച്ചയായി.
കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതത്തില്‍ നിന്നും ചൈന അതിവേഗത്തില്‍ തിരിച്ചു കയറുമെന്ന് സാമ്പത്തിക വിദഗ്ദര്‍. സൗദിയിലെ റിയാദില്‍ നടക്കുന്ന ജി20 സാമ്പത്തിക സമ്മേളനത്തില്‍ ചൈനയുടെ തിരിച്ചു വരവ് പ്രധാന ചര്‍ച്ചയായി. ലോക സമ്പദ്ഘടനയില്‍ കൊറോണ വൈറസ് വിഷയമുണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും പ്രതിഫലിക്കുമെന്ന് സമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ ചര്‍ച്ചകള്‍ വിലയിരുത്തി.
കൊറോണ വൈറസ് നിരവധി പേരുടെ ജീവനെടുത്തതോടെ ചൈനയില്‍ നിര്‍മാണ മേഖല സ്തംഭിച്ചിരുന്നു. ഉത്പാദനവും നിലക്കുന്ന സാഹചര്യം വരെയെത്തി. എന്നാല്‍ ആ സാഹചര്യം ചൈന മറികടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആഗോള തലത്തില്‍ തന്നെ ഇറക്കുമതിയേയും കയറ്റുമതിയേയും ബാധിച്ച കൊറോണ വൈറസ് ബാധയുടെ പ്രത്യാഘാതം വരും മാസങ്ങളിലും പ്രതിഫലിക്കും. ലോകത്തെ പ്രധാന കയറ്റുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ ഉത്പാദന മേഖലയിലുണ്ടായ സ്തംഭാനാവസ്ഥ വന്‍കിട രാജ്യങ്ങളിലും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കി. ഇതിനാല്‍ തന്നെ ചൈന ഉത്പാദനം പുനരാരംഭിച്ചതില്‍ പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ദര്‍.
സാമ്പത്തിക മേഖലയില്‍ കൊറോണയുടെ പ്രശ്നം പ്രതിഫലിക്കുമെങ്കിലും അത് കുറഞ്ഞ സമയത്തിനകം തിരിച്ചു പിടിക്കാനാകുമെന്ന പ്രത്യാശയിലാണ് ജി20 ഭാഗമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍.