പ്രകൃതി വാതക ഉൽപാദനത്തിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൗദി
കിഴക്കൻ സൗദിയിൽ 110 ശതകോടി ഡോളർ ചെലവിലാണ് ഇതിനായി വാതക പാടം വികസിപ്പിക്കുന്നത്
ക്രൂഡോയിൽ കയറ്റുമതിക്ക് പുറമെ പ്രകൃതി വാതക ഉൽപാദന മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. പ്രതിവർഷം 860 കോടി ഡോളറിൻ്റെ അധിക വരുമാനമാണ് ഇത് വഴി രാജ്യം പ്രതീക്ഷിക്കുന്നത്. ഇതിനായി അൽ ജഫൂറ പാടം രാജ്യത്തെ സഹായിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ഇതോടെ ദ്രവീകൃത പെട്രോളിയം വാതക ഉദ്പാദന കയറ്റുമതി രംഗത്തും ആധിപത്യമുറപ്പിക്കുവാനുള്ള ശ്രമത്തിലാണ് സൗദി. കിഴക്കൻ സൗദിയിൽ 110 ശതകോടി ഡോളർ ചെലവിലാണ് ഇതിനായി വാതക പാടം വികസിപ്പിക്കുന്നത്. അൽഅഹ്സ മേഖലയിലുള്ള ലോകത്തെ ഏറ്റവും വലിയ പരമ്പരാഗത എണ്ണപ്പാടത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽജഫൂറയിലെ വാതക പ്ലാൻറാണ് ഇതിനായി കണ്ടെത്തിയത്.
200 ട്രില്യൻ ക്യുബിക് അടി വാതക ഉദ്പാദന ശേഷി എന്നതാണ് ലക്ഷ്യം. ഇതിലൂടെ പ്രതിദിനം 1,30,000 ബാരൽ ഈതൈനും അഞ്ചുലക്ഷം ബാരൽ ദ്രവീകൃത പെട്രോളിയം വാതകവും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എങ്കിൽ 22 വർഷത്തേക്ക് തുടർച്ചയായി പ്രതിവർഷം 860 കോടി ഡോളറിൻെറ വരുമാനം രാജ്യത്തിന് ലഭിക്കും.
മാത്രവുമല്ല വർഷത്തിൽ 2000 കോടി ഡോളർ രാജ്യത്തിൻെറ ആഭ്യന്തരോദ്പാദന ശേഷിയിലേക്ക് (ജി.ഡി.പി) വന്നു ചേരുകയും ചെയ്യും. ഒപ്പം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വികസനം പൂർത്തിയാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി വാതക ഉൽപാദനം വർധിപ്പിക്കും. 2036 ആകുമ്പോഴേക്കും ഇവിടെ നിന്നുള്ള വാതക ഉൽപാദനം 200 ട്രില്യൻ ക്യുബിക് അടി ആയി ഉയരും.