സൗദിയിലെ അതോറിറ്റികളെ മന്ത്രാലയമായി ഉയര്‍ത്തി: ഖാലിദ് അല്‍ ഫാലിഹ് വീണ്ടും മന്ത്രിയായി; മന്ത്രിമാര്‍ക്ക് സ്ഥാനചലനം
സ്പോര്‍ട്സ്, ഇന്‍വെസ്റ്റ്മെന്‍റ്, ടൂറിസം അതോറിറ്റികള്‍ ഇനി മുതല്‍ മന്ത്രാലയം
സൗദിയില്‍ പുതുതായി നിക്ഷേപത്തിനും, കായിക മേഖലക്കും, ടൂറിസത്തിനും പ്രത്യേക മന്ത്രാലയങ്ങള്‍ രൂപീകരിച്ചു. സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലും ലയിപ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രിയേയും മാറ്റി. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്.
സല്‍മാന്‍ രാജാവിന്‍റെ പുതിയ ഉത്തരവുകള്‍ ഇപ്രകാരമാണ്. സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിൽ ലയിപ്പിച്ചു. മാനവ വിഭവ, സാമൂഹ്യ ക്ഷേമ മന്ത്രാലയം എന്നായിരിക്കും ഈ മന്ത്രാലയത്തിന്റെ പുതിയ പേര്. പുതിയ മൂന്ന് മന്ത്രാലയങ്ങൾ കൂടി നിലവിൽ വരും. നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെ മന്ത്രായമായി ഉയർത്തുകയാണ് ചെയ്‌തത്.
സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയായ സാഗിയ ഇനി മുതല്‍ നിക്ഷേപ മന്ത്രാലയമാണ്. ഖാലിദ് ബിൻ അബ്ദുൽഅസിസ് അൽ ഫാലിഹിനാണ് നിക്ഷേപ മന്ത്രാലയത്തിന്‍രെ ചുമതല. നേരത്തെ ഊര്‍ജ-ഓയില്‍ മന്ത്രിയായിരുന്നു ഖാലിദ് അല്‍ ഫാലിഹ്. ഈ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിന് ശേഷം നിക്ഷേപ മന്ത്രിയായാണ് ഇദ്ദേഹം മന്ത്രിസഭയില്‍ എത്തുന്നത്.
സ്പോർട്സ് അതോറിറ്റിയെ കായിക മന്ത്രാലയമായും ഉയർത്തി. ടൂറിസം അതോറിറ്റിയെ ടൂറിസം മന്ത്രാലയമായും ഉയർത്തി. അഹ്‌മദ് ബിൻ അഖീൽ അൽ ഖതീബാണ് പുതിയ ടൂറിസം മന്ത്രി. നിലവിലുള്ള സിവിൽ സർവീസ് മന്ത്രാലയത്തെ ലയിപ്പിച്ചതിനാല്‍ വകുപ്പു മന്ത്രി സുലൈമാൻ അബ്ദുല്ല അൽ ഹംദാനെ തലസ്ഥാനത്തുനിന്ന് ഒഴിവാക്കി. ഇതോടെ മന്ത്രി എഞ്ചിനീയർ സുലൈമാൻ അൽ രാജ്‌ഹിക്ക് ഈ ചുമതല കൂടി വരും.
സാഗിയ മേധാവിയായിരുന്ന ഇബ്രാഹിം അബ്ദുൽ റഹ്‌മാൻ അൽ ഉമറിനെയും തലസ്ഥാനത്തുനിന്ന് നീക്കി. സ്പോർട്സ് മന്ത്രാലയത്തിൻറെ ചുമതല അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിക്കായിരിക്കും. വാർത്തവിതരണ വകുപ്പുമന്ത്രി തുർക്കി അൽ ശബാനയെയും മാറ്റിയിട്ടുണ്ട്. ഈ വകുപ്പിന്റെ ചുമതല വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസ്‌ബിക്കാണ്.