കൊറോണ ഭീതി; ഉംറ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സൌദി
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും വിലക്കുണ്ട്
കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഉംറ തീര്‍ഥാടകര്‍ക്ക് സൌദി അറേബ്യ താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും വിലക്കുണ്ട്. സൌദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി. എന്നാല്‍ തൊഴില്‍ വിസയില്‍ വരുന്ന വിദേശികളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോക മുസ്ലികളുടെ പുണ്യകേന്ദ്രമായ മക്കയും മദീനയും ലക്ഷ്യമാക്കി ദിവസവും ലക്ഷങ്ങളാണ് സൌദിയിലെത്തുന്നത്.
യാത്രക്കാരുടെ ഈ ബാഹുല്യം പരിഗണിച്ച് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മൂന്നുതരം നിയന്ത്രണം സൌദി ഏര്‍പെടുത്തി. ഒന്ന്, കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തി. രണ്ട്, കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തി. മൂന്ന്, ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്ക് നാഷണല്‍ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൌകര്യം റദ്ദാക്കി. പകരം പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. എന്നാല്‍ സന്ദര്‍ശന വിസ, തൊഴില്‍ വിസ, ബിസിനസ് വിസ വഴി വരുന്ന യാത്രക്കാരെ ഈ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാഹചര്യം മാറിയാല്‍ നിയന്ത്രണം നീക്കുമെന്ന് സൌദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങളുണ്ടായാല്‍ അത് വിവിധ രാജ്യങ്ങളിലേക്ക് പടരും. ഈ സാഹചര്യം തടയുകയാണ് നിയന്ത്രണത്തിന്‍റെ ലക്ഷ്യം. സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബഹ്റൈനിലും കുവൈത്തിലും ഇറാനില്‍ നിന്നെത്തിയ സൌദി പൌരന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.