സൌദിയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു; ഞായറാഴ്ച മുതൽ ജോലി സ്ഥലങ്ങളിലെത്തണം

ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതൽ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ആവശ്യപ്പെട്ടു.

Update: 2020-08-23 20:34 GMT
Advertising

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ വീടുകളിലിരുന്നായിരുന്നു പല സർക്കാർ ജീവനക്കാരും ജോലി ചെയ്തിരുന്നത്. ഇത് അവസാനിപ്പിച്ച് ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതൽ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ച് മുഴുവൻ സർക്കാർ വകുപ്പുകൾക്കും കഴിഞ്ഞ ദിവസം മന്ത്രി സർക്കുലർ അയച്ചിട്ടുണ്ട്.

രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗം പടർന്നുപിടിക്കാൻ സാധ്യത കൂടിയ വിഭാഗങ്ങളിൽപെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളിൽ ഹാജരാകാൻ അനുവദിക്കരുത് എന്നും നിർദേശമുണ്ട്. കൊറോണ വ്യാപനം തടയുന്ന പ്രതിരോധ നടപടികൾ അടങ്ങിയ പ്രോട്ടോകോളുകൾ സർക്കാർ സ്ഥാപനങ്ങൾ കർശനമായി പാലിക്കണം. അകലെയിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കാൻ അനുവദിക്കണമെന്നും നിർദേശത്തിലുണ്ട്. വീട്ടിലിരുന്ന് ആർക്കൊക്കെ ജോലി നിർവഹിക്കാമെന്ന കാര്യം നിശ്ചയിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഓരോ സ്ഥാപനത്തിലേയും ആകെ ജീവനക്കാരുടെ എണ്ണത്തിൻ്റെ 25 ശതമാനത്തിൽ കൂടുതൽ പേർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവാദമില്ല.

Tags:    

Similar News