ഐ.ടി-ടെലികോം മേഖലയിൽ നിതാഖാത്ത് വ്യവസ്ഥയിൽ മാറ്റം വരുത്തി സൌദി
പുതിയ മാറ്റം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകാൻ കാരണമാകും.
സൗദിയിൽ ഐ.ടി-ടെലികോം മേഖലയിൽ നിതാഖാത്ത് വ്യവസ്ഥയിൽ മാറ്റം വരുത്തി. ഐ.ടി-ടെലികോം മേഖല വിപുലീകരിച്ച് പുതിയ ഏഴ് തൊഴിൽ മേഖലകളാക്കിയാണ് നിതാഖാത്തിൽ മാറ്റം വരുത്തിയത്. പുതിയ മാറ്റം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകാൻ കാരണമാകും.
ഐ.ടി-ടെലികോം മേഖലയിലെ വിവിധ തസ്തികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം ഒരു പൊതുവായ സ്വദേശിവൽക്കരണ അനുപാതമാണ് നിതാഖാത്തിൽ ഇത് വരെ ബാധകമായിരുന്നത്. എന്നാൽ ഐ.ടി-ടെലികോം എന്ന മേഖല നിതാഖാത്തിൽ നിന്ന് റദ്ദാക്കുകയും, പകരം പുതിയ ഏഴ് മേഖലകൾ ഉൾപ്പെടുത്തുകയും ചെയ്ത് കൊണ്ട് മാനവശേഷി സാമൂഹിക വികസന മന്ത്രി ഉത്തരവിറക്കി.
മാർച്ച് 14 അഥവാ ശഅബാൻ ഒന്ന് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ഐ.ടി. ഓപ്പറേഷൻസ്-റിപ്പയർ, ടെലികോം ഓപ്പറേഷൻസ്-റിപ്പയർ, ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ, ടെലികോം ഇൻഫ്രാസ്ട്രക്ച്ചർ, ഐ.ടി സൊലൂഷൻസ്, ടെലികോം സൊലൂഷൻസ്, പോസ്റ്റൽ സേവനം എന്നീ ഏഴ് മേഖലകളാണ് പുതിയതായി ഉൾപ്പെടുത്തിയരിക്കുന്നത്. ഇതിൽ ഓരോ വിഭാഗത്തിനും സൗദിവൽക്കരണ അനുപാതം വ്യത്യസ്ഥമായിരിക്കും. ഇതിലൂടെ സ്വദേശികൾക്ക് അനുയോജ്യവും മികവുറ്റതുമായ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പുതിയ മാറ്റമനുസരിച്ച്, ഐ.ടി സൊലൂഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 20 ശതമാനത്തിന് താഴെയായിട്ടാണ് സൗദിവൽക്കരണം പാലിച്ചതെങ്കിൽ ചുവപ്പ് വിഭാഗത്തിലാണ് ഉൾപ്പെടുക. ഐ.ടി ഓപ്പറേഷൻസ്-റിപ്പയർ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 17 ശതമാനത്തിന് താഴെയാണെങ്കിൽ, അത്തരം സ്ഥാപനങ്ങളും ചുവപ്പ് വിഭാഗത്തിലായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.