അനധികൃതമായി തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കൽ: കർശന മുന്നറിയിപ്പുമായി സൗദി

നിയമപരമല്ലാതെ ശമ്പളം വെട്ടിക്കുറച്ചാൽ തൊഴിലുടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കും.

Update: 2021-01-08 02:29 GMT

തൊഴിലാളികളുടെ ശമ്പളം അനധികൃതമായി വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സൗദി മന്ത്രാലയം. നിയമപരമായി അനുവദിക്കപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവു വരുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമല്ലാതെ ശമ്പളം വെട്ടിക്കുറച്ചാൽ തൊഴിലുടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കും.

ജോലിയിൽ കയറുന്ന സമയത്തുള്ള കരാര്‍ പ്രകാരം മുന്‍കൂട്ടി നിശ്ചയിക്കുന്നതാണ് ശമ്പളം. ഇതിൽ ഏതെങ്കിലും രീതിയില്‍ കുറവ് വരുത്തുകയോ ശമ്പളത്തില്‍ നിന്ന് ഏതെങ്കിലും രീതിയിലുള്ള കുടിശ്ശികയോ മറ്റോ പിടിക്കുകയോ ചെയ്യാൻ പാടില്ല. ഇതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി വേണം. അല്ലാത്തപക്ഷം തൊഴിലുടമക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കും. ശമ്പളം പിടിക്കാന്‍ തൊഴിലുടമയെ അനുവദിക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് തൊഴില്‍ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വങ്ങിയ കടം ശമ്പളത്തിലൂടെ തിരിച്ചുപിടിക്കാം. പക്ഷെ, പിടുത്തം ആകെ ശമ്പളത്തിന്റെ 10 ശതമാനത്തില്‍ കൂടരുതെന്ന നിബന്ധനയുണ്ട്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് വിഹിതം, പ്രൊവിഡന്റ് ഫണ്ട്, പിഎഫില്‍ നിന്നെടുത്ത ലോണ്‍ എന്നിവയും ശമ്പളത്തില്‍ നിന്ന് പിടിക്കാം. തൊഴിലാളികള്‍ക്കുള്ള താമസം, പിഴ, തൊഴിലാളി നശിപ്പിച്ച സാധനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയവയും ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. കോടതി ഉത്തരവിന് വിധേയമായി കടം തിരിച്ചുപിടിക്കാനും അനുവാദമുണ്ട്. എന്നാല്‍ ഇത് ശമ്പളത്തിന്റെ നാലിലൊന്നിനെക്കാള്‍ കൂടരുത്. അല്ലെങ്കിൽ ഇതിനായി കോടതി ഉത്തരവുണ്ടാകണമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Full View
Tags:    

Similar News