കൊഹ്‍ലിയുടെ സെഞ്ച്വറിക്ക് മേല്‍ ലയണ്‍സിന്റെ ഗര്‍ജനം

Update: 2017-08-10 06:04 GMT
Editor : admin
കൊഹ്‍ലിയുടെ സെഞ്ച്വറിക്ക് മേല്‍ ലയണ്‍സിന്റെ ഗര്‍ജനം

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റിന്റെ മിന്നുന്ന ജയം.

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റിന്റെ ഗംഭീര ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സ് മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചടക്കി. ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെതിരെ ഗുജറാത്ത് ലയണ്‍സ് നേടിയ ത്രില്ലിങ് ജയത്തേക്കാള്‍ ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി പാഴായ നിര്‍ഭാഗ്യവാനായ വിരാട് കൊഹ്‍ലിയെയായിരിക്കും ക്രിക്കറ്റ് ലോകം ഓര്‍ക്കുക.

Advertising
Advertising

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 63 പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ സെഞ്ച്വറി തികച്ച നായകന്‍ കൊഹ്‍ലിയുടെ ഇന്നിങ്സ് നട്ടെല്ലാക്കിയാണ് രണ്ടു വിക്കറ്റിന് 180 റണ്‍സ് എന്ന ടോട്ടല്‍ ഉയര്‍ത്തിയത്. അമിതാവേശത്തിന് മുതിരാതെ നിലംപറ്റിയ ഷോട്ടുകള്‍ തെരഞ്ഞെടുത്ത കൊഹ്‍ലി ഒരു സിക്സറും 11 ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് ശതകം പൂര്‍ത്തിയാക്കിയത്. വാട്സനും(6), ഡിവില്ലിയേഴ്‍സും(20) പരാജയപ്പെട്ടിടത്ത് ലോകേഷ് രാഹുല്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‍മാനെ കൂട്ടുപിടിച്ചായിരുന്നു കൊഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 35 പന്തില്‍ നിന്നു 51 റണ്‍സ് അടിച്ചുകൂട്ടിയ രാഹുലും ബാംഗ്ലൂരിന്റെ റണ്‍വേട്ടക്ക് കാര്യമായ സംഭാവന ചെയ്തു.

എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ലയണ്‍സ് ബാംഗ്ലൂരിന്റെ ചലഞ്ചിനെ കൂട്ടത്തോടെയാണ് ആക്രമിച്ചത്. ബാറ്റെടുത്തവരെല്ലാം ഒരുപോലെ റണ്‍സ് അടിച്ചെടുത്തതോടെ ലയണ്‍സിന്റെ കുതിപ്പ് വിജയത്തിലേക്ക് പാഞ്ഞടുത്തു. മക്കല്ലവും സ്‍മിത്തും ദിനേശ് കാര്‍ത്തിക്കുമെല്ലാം ബാംഗ്ലൂര്‍ ബോളര്‍മാരെ കണക്കിനു ശിക്ഷിച്ചു. സ്മിത്ത് 21 പന്തില്‍ നിന്നു 32 റണ്‍സ് നേടിയപ്പോള്‍ മക്കല്ലം 24 പന്തില്‍ നിന്നു 42 റണ്‍സ് അടിച്ചെടുത്തു. നായകന്‍ സുരേഷ് റെയ്‍ന 24 പന്തില്‍ നിന്നു 28 റണ്‍സുമായി കളംവിട്ടെങ്കിലും കാര്‍ത്തിക്കും ജഡേജയും ചേര്‍ന്ന് ലയണ്‍സിനെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ ജഡേജ കീപ്പറിന് പിടികൊടുത്ത് മടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ വാട്സനെ അതിര്‍ത്തി കടത്തി ബ്രാവോ ലയണ്‍സിന് വിജയം സമ്മാനിച്ചു. 39 പന്തുകള്‍ നേരിട്ട കാര്‍ത്തിക് വിക്കറ്റ് നഷ്ടപ്പെടുത്താതെ 50 റണ്‍സെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News