ഇംഗ്ലണ്ട് ടീമിന്‍റെ ഹോട്ടല്‍, യാത്ര ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ
ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയതു മുതല്‍ ഹോട്ടല്‍, യാത്ര മറ്റ് സൌകര്‍യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ നടപ്പിലാകുന്നതുവരെ ഇവയ്ക്കുള്ള പണം ചെലവിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ബില്ലുകള്‍ സ്വയം കൊടുത്തു തീര്‍ക്കേണ്ടി വരും.
ഇന്ത്യന്‍ പര്‍യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തിലാണ് ബിസിസിഐ സെക്രട്ടറി അജയ് ശിര്‍ക്കെ ഇക്കാര്‍യം അറിയിച്ചിട്ടുള്ളത്, ലോധ കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതിനാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാറില്‍ ഒപ്പിടാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അതിനാല്‍ ടീമുമായി ബന്ധപ്പെട്ട ചെലവുകള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെ വഹിക്കണമെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ചില നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാലാണ് ഇത്തരമൊരു അവസ്ഥ സംജാതമെന്നും ശിര്‍ക്കെ കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയതു മുതല്‍ ഹോട്ടല്‍, യാത്ര മറ്റ് സൌകര്‍യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ നടപ്പിലാകുന്നതുവരെ ഇവയ്ക്കുള്ള പണം ചെലവിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ബില്ലുകള്‍ സ്വയം കൊടുത്തു തീര്‍ക്കേണ്ടി വരും. ദയവായി ഇതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുക. ലോധ കമ്മിറ്റിയില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് ഇത് അറിയിക്കാം. ഇംഗ്ലണ്ട് ടീമിന് ഇതുമൂലം ഉണ്ടായ വിഷമത്തില്‍ ഖേദിക്കുന്നു - ശിര്‍ക്കെയുടെ കത്ത് പറയുന്നു.
അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20യും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യ പര്യടനം. ഇതിനോടകം തന്നെ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് ടീം പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.