അച്ചടക്കം പ്രധാനം; കുംബ്ലെക്ക് വേണ്ടി പിഴ പിരിക്കാന്‍ പൂജാര

Update: 2018-04-22 16:45 GMT
Editor : Alwyn K Jose
അച്ചടക്കം പ്രധാനം; കുംബ്ലെക്ക് വേണ്ടി പിഴ പിരിക്കാന്‍ പൂജാര
Advertising

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത അനില്‍ കുംബ്ലെയുടെ പ്രധാന പരിഷ്‍കരണമായിരുന്നു കളിക്കാരെ അച്ചടക്കം പഠിപ്പിക്കാനുള്ള നടപടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത അനില്‍ കുംബ്ലെയുടെ പ്രധാന പരിഷ്‍കരണമായിരുന്നു കളിക്കാരെ അച്ചടക്കം പഠിപ്പിക്കാനുള്ള നടപടി. കളിക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാനാണ് ഈ തന്ത്രം. പരിശീലനത്തിന് വൈകിയെത്തുന്ന കളിക്കാര്‍ ഇനി മുതല്‍ 50 ഡോളര്‍ പിഴയൊടുക്കേണ്ടി വരും. അച്ചടക്ക സമിതിക്ക് കുംബ്ലെ രൂപംനല്‍കി കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ചേതേശ്വര്‍ പൂജാരക്കാണ് പിഴ പിരിച്ചെടുക്കാനുള്ള ചുമതല. ശിഖര്‍ ധവാന്‍ പിഴയുമായി ബന്ധപ്പെട്ട കളിക്കാരുടെ സംശയ നിവാരണം നടത്തും. കളിക്കാരെ രണ്ടു സംഘങ്ങളായി തിരിച്ച ശേഷം പരസ്‍പരം തങ്ങളുടെ അപാകതകള്‍ പരിഹരിക്കാനുള്ള സഹായം ചെയ്തുകൊടുക്കാനുള്ള നടപടികളും കുംബ്ലെ തുടങ്ങിവെച്ചിട്ടുണ്ട്.

ടീമിന്റെ അച്ചടക്കത്തിനായി ഫൈന്‍ കമ്മിറ്റി രൂപീകരിച്ചതായി ചെയര്‍മാന്‍ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. കൃത്യനിഷ്ഠയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പിഴ ചുമത്തുകയെന്നും താരം വ്യക്തമാക്കി. പരിശീലനത്തിനോ മറ്റോ കൃത്യസമയം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന താരം നിശ്ചിത തുക പിഴയായി നല്‍കേണ്ടി വരും. ഇത് പൂജാരയായിരിക്കും പിരിക്കുക. പിഴ ചുമത്തിയതില്‍ കമ്മിറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കളിക്കാര്‍ക്ക് അത് ധവാനുമായി ചര്‍ച്ച ചെയ്യാം. ധവാന്‍ ആയിരിക്കും ഇതിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കുക. ഇതിനോടകം തന്നെ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ഇതുവരെ എല്ലാവരും കൃത്യസമയം പാലിച്ചതായും ആര്‍ക്കും ഇതുവരെ പിഴ ചുമത്തിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വിന്‍സീസ് പര്യടനത്തിലുള്ള ടീമിലെ അംഗങ്ങള്‍ക്കിടയില്‍‌ അച്ചടക്കം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് കുംബ്ലെയുടെ നീക്കങ്ങള്‍. കളിക്കാരുടെ പ്രശ്നങ്ങള്‍ ബിസിസിഐയെയും മറ്റ് അധികൃതരെയും അറിയിക്കുന്ന കാര്യത്തിലും കുംബ്ലെ ശ്രദ്ധിക്കുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News