ലോക ഫുട്‌ബോളറെ ഇന്നറിയാം

Update: 2018-04-28 22:04 GMT
Editor : Subin
ലോക ഫുട്‌ബോളറെ ഇന്നറിയാം

ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലാണ് പ്രധാന മത്സരം.

ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് പ്രഖ്യാപനം.

രണ്ട് ലോകോത്തര താരങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്. ഇത്തവണ കളത്തിലല്ലെന്ന് മാത്രം. മൈതാനത്തെ ഇഞ്ചോടിഞ്ച് പോരാട്ടം പുരസ്‌കാര നേട്ടത്തിലും കാഴ്ചവെക്കുന്നതാണ് മെസിയുടെയും റോണോയുടെയും പ്രത്യേകത. ഇനി ലോകം കാത്തിരിക്കുന്നത് ബാലന്‍ ഡി ഓര്‍ പ്രഖ്യാപനത്തിലേക്കാണ്.

Advertising
Advertising

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ റൊണാള്‍ഡോക്ക് തന്നെയാണ് മുന്‍തൂക്കം. റയല്‍ മാഡ്രിഡിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് റോണോ എത്തുന്നത്. മുന്‍ സീസണില്‍ റയലിനായി ലാ ലീഗയും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത ഈ പോര്‍ച്ചുഗല്‍ താരം ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരവും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സ്പാനിഷ് ലീഗില്‍ 25 ഉം ചാംപ്യന്‍സ് ലീഗില്‍ പന്ത്രണ്ടും ഗോളുകളാണ് കഴിഞ്ഞ സീസണിലെ സന്പാദ്യം. ഇതുവരെ നാല് ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ താരം ഇത് അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്

ബാഴ്‌സയുടെ വിജയങ്ങളുടെ കുന്തമുനയായ മെസിയും വളരെയധികം സാധ്യത കല്‍പിക്കപ്പെടുന്നു. ബാഴ്‌സക്കായി കഴിഞ്ഞ വര്‍ഷം ലാലീഗയില്‍ 37 ഗോളുകള്‍ നേടിയ താരം 9 ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ മുന്‍ സീസണില്‍ ബാഴ്‌സക്ക് സുപ്രധാന കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. ഈ വര്‍ഷം അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത തിരിച്ചുവരവിന്റെ പാതയിലാണ് അഞ്ച് തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ ഫുട്‌ബോളിന്റെ മിശിഹ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News