മാലിയെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍
മാലിയെ 3-1ന് തകര്‍ത്താണ് സ്പെയിന്‍ ഫൈനലിലെത്തിയത്...
സ്‌പെയിന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍. ആഫ്രിക്കന്‍ ശക്തികളായ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് സ്‌പെയിന്റെ ഫൈനല്‍ പ്രവേശം. ആബെല്‍ റൂയിസ് രണ്ട് തവണയും ഫെറാന്‍ ടോറസ് ഒരുതവണയും സ്‌പെയിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മാലിയുടെ ആശ്വാസഗോള്‍ നേടിയത് ലസാന ഡിയായാണ്.
പൊരുതിത്തോറ്റാണ് മാലി അണ്ടര്‍ 17 ലോകകപ്പില്‍ നിന്നും മടങ്ങുന്നത്. 29 ഷോട്ടുകള്‍ ഗോളിലേക്ക് ഉതിര്‍ത്തെങ്കിലും ഒരു തവണ മാത്രമാണ് അവര്‍ക്ക് ലക്ഷ്യം കാണാനായതെന്നത് നിര്‍ഭാഗ്യം കൊണ്ടു കൂടിയാണ്. അറുപത്തൊന്നാം മിനുറ്റില്‍ സ്പെയിനിന്‍റെ ക്രോസ് ബാറില്‍ തട്ടി താഴെ കുത്തിയശേഷം തിരിച്ചു വന്ന ഷോട്ട് മാലിയുടെ ഓര്‍മ്മകളില്‍ ദീര്‍ഘകാലമുണ്ടാകും. പന്ത് ഗോള്‍ വര കടന്നെന്ന് റീ പ്ലേകളില്‍ വ്യക്തമായിരുന്നു. ഗോള്‍ലൈന്‍ സാങ്കേതികവിദ്യ ഈ ടൂര്‍ണ്ണമെന്‍റിലില്ലെന്നതും മാലിക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ പത്തൊമ്പതാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയാണ് സ്‌പെയിന്‍ ആദ്യ ഗോള്‍ നേടുന്നത്. പെനല്‍റ്റിയെടുത്ത ആബെല്‍ റൂയിസിന് പിഴച്ചില്ല. സെസാറിന്റെ അളന്നുതൂക്കിയുള്ള പാസില്‍ കൃത്യമായി കാല്‍വെച്ച് ആബെല്‍ റൂയിസ് ഒന്നാം പകുതി അവസാനിക്കുന്നതിന് രണ്ട് മിനുറ്റ് മുമ്പ് രണ്ടാം ഗോള്‍ നേടി. ഫെറാന്‍ ടോറസിലൂടെ എഴുപത്തൊന്നാം മിനുറ്റില്‍ നേടിയ മൂന്നാം ഗോളിലൂടെ സ്‌പെയിന്‍ സ്‌കോറിംങ് പൂര്‍ത്തിയാക്കി.
മൂന്ന് ഗോളുകള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച മാലി നിരന്തരം സ്‌പെയിന്‍ ഗോള്‍ മുഖത്ത് ഭീതി വിതച്ചു. സ്‌പെയിന്‍ താരങ്ങള്‍ ഒന്ന് പിന്നോട്ടുപോയപ്പോഴാണ് എഴുപത്തിനാലാം മിനുറ്റില്‍ മാലിയുടെ ഗോള്‍ പിറന്നത്. പൊസ്റ്റിന് തൊട്ടടുത്ത് നിന്നും ലഭിച്ച അവസരം ഡിയായാക്ക് പിഴച്ചില്ല.
ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും.