ഫൈനല്‍ തേടി കേരളാ ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

Update: 2018-05-20 03:16 GMT
Editor : Ubaid
ഫൈനല്‍ തേടി കേരളാ ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

ദല്‍ഹിയില്‍ നടന്ന ഹോം മല്‍സരങ്ങളില്‍ ഒന്നു പോലും തോറ്റിട്ടില്ലെന്ന ഖ്യാതിയുമായാണ് ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങുന്നത്

ഐഎസ്എല്‍ ഫൈനല്‍ തേടി കേരളാ ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും. ഡല്‍ഹി ഡൈനാമോസുമായുള്ള സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ സമനില മാത്രം മതി ബ്ലാസ്റ്റേഴ്‍സിന് ഫൈനലില്‍ കടക്കാന്‍. എന്നാല്‍ രണ്ട് ഗോളിന് ജയിച്ചാല്‍ മാത്രമെ ഡല്‍ഹിക്ക് ഫൈനലില്‍ കടക്കാനാകൂ.

ദല്‍ഹിയില്‍ നടന്ന ഹോം മല്‍സരങ്ങളില്‍ ഒന്നു പോലും തോറ്റിട്ടില്ലെന്ന ഖ്യാതിയുമായാണ് ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ്, പൂണെ, കൊല്‍ക്കത്ത, മുംബെ ടീമുകളുമായി സമനില വഴങ്ങിയ ദല്‍ഹി എവേ മല്‍സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ പരാജയം രുചിച്ചത്. ലീഗ് റൗണ്ടില്‍ കേരളത്തെ ഇതേ ഗ്രൗണ്ടില്‍ 2 ഗോളിന് തോല്‍പ്പിച്ച ചരിത്രവും ദല്‍ഹിക്കുണ്ട്.

Advertising
Advertising

അതേസമയം കൊച്ചിയില്‍ ആദ്യ മല്‍സരത്തില്‍ ദല്‍ഹിയോട് ഗോള്‍ രഹിത സമനില വഴങ്ങിയ കേരളം സെമി ആദ്യപാദ മല്‍സരത്തില്‍ നേടിയ ഒരു ഗോള്‍ വിജയത്തിന്റെ മാനസികാധിപത്യവുമായാണ് ദല്‍ഹിയിലെത്തുന്നത്. ഹോം മല്‍സരങ്ങളില്‍ ദല്‍ഹിയുടെ റെക്കോര്‍ഡിനെ ആശങ്കയോടെ കാണുന്നില്ലെന്നും അവര്‍ വിജയിക്കാതിരുന്ന അവസരങ്ങളുണ്ടെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടി.

ബ്‌ളാസ്‌റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദല്‍ഹിയിലെ മല്‍സരം നേരില്‍ കാണാനെത്തില്ലെന്നാണ് സൂചന. സച്ചിന്‍ വന്നാലുമില്ലെങ്കിലും അദ്ദേഹം ഓരോ ടീമംഗങ്ങളുടെയും ഹൃദയത്തിലുണ്ടെന്നും അദ്ദേഹം നല്‍കിയ ഊര്‍ജം ആവാഹിച്ചാണ് ബ്‌ളാസ്‌റ്റേഴ്‌സ് നാളെ നിര്‍ണായക മല്‍സരത്തിന് ഇറങ്ങുകയെന്നും കോപ്പല്‍ പറഞ്ഞു.

കേരള താരങ്ങളില്‍ ആരും പരിക്കിന്റെ പിടിയില്‍ അല്ല. ദല്‍ഹി നിരയിലും ആരും പരിക്കേറ്റവരില്ലെങ്കിലും ഫ്‌ളോറന്റ് മലൂദ-ടെബര്‍-മിലന്‍ സിംഗ് മധ്യനിരയും മാഴ്‌സലോ-ലൂയിസ് മുന്നേറ്റ നിരയും കൊച്ചിയില്‍ പതിവ് ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. എങ്കിലും ടീമിന്റെ പ്‌ളെയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോച്ച് സംബ്രാട്ട വ്യക്തമാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News