അഭിമാന സിന്ധുവിന് അഭിനന്ദന പ്രവാഹം

Update: 2018-05-26 15:37 GMT
അഭിമാന സിന്ധുവിന് അഭിനന്ദന പ്രവാഹം

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള അനവധി പേര്‍ സിന്ധുവിനെ പ്രശംസിച്ച് രംഗത്തെത്തി.

ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ ഫൈനലിലെത്തിയ സിന്ധുവിന് അഭിനന്ദന പ്രവാഹം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള അനവധി പേര്‍ സിന്ധുവിനെ പ്രശംസിച്ച് രംഗത്തെത്തി.

ഒളിംപിക്സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായ സിന്ധുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രമുഖര്‍. സിന്ധു നന്നായി കളിച്ചെന്നും ഫൈനല്‍ മത്സരത്തിനായി എല്ലാ ഭാവുകങ്ങളും നേരുന്നതായും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. സൂപ്പര്‍ പെര്‍ഫോമന്‍സ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. സിന്ധു ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിമിഷമാണ് സമ്മാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ ശക്തിയെ വിലകുറച്ച് കാണരുതെന്നായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ വാക്കുകള്‍. ശുഭാപ്തി വിശ്വാസമില്ലാത്തവരെ തകര്‍ക്കുകയാണ് സിന്ധു ചെയ്തതെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ക്ലബില്‍ സിന്ധുവിനെ താന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ട്വീറ്റ്. സിന്ധുവിന്റെ സ്മാഷുകളാണ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറുടെയും കപില്‍ ദേവിന്റെയും മനം കവര്‍ന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു സെമിയിലേതെന്ന് സച്ചിന്‍ പറഞ്ഞപ്പോള്‍ പര്‍വ്വതങ്ങളെ നീക്കാന്‍ പ്രാപ്തിയുള്ളവയാണ് സിന്ധുവിന്റെ സ്മാഷുകളെന്ന് കപില്‍ പ്രശംസിച്ചു. റാങ്കിങില്‍ മുന്നിലുള്ളവരെ തകര്‍ത്ത സിന്ധുവിനെ പോരാളിയെന്നാണ് ടെന്നീസ് താരം സാനിയ മിര്‍സ വിശേഷിപ്പിച്ചത്. സിനിമാ താരം അമീര്‍ ഖാനും ബോക്സിങ് താരം വിജേന്ദര്‍ സിങുമുള്‍പ്പെടെയുള്ളവരും സിന്ധുവിന് ആശംസകള്‍ നേര്‍ന്നു.

Advertising
Advertising

Tags:    

Similar News