'ഇന്ത്യയുടെ സ്വർണദിനം'; ടേബിൾ ടെന്നീസിൽ ശരത് കമലിന് സ്വർണം

പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ശരത് കമൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ പരാജയപ്പെടുത്തി

Update: 2022-08-08 13:07 GMT
Editor : dibin | By : Web Desk
Advertising

ബിർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിലെ സ്വർണനേട്ടത്തിന് പിന്നാലെ ടേബിൾ ടെന്നീസിലും ഇന്ത്യയ്ക്ക് സ്വർണം. പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ശരത് കമൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോർഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗെയിമുകൾ സ്വന്തമാക്കിയാണ് കമൽ സ്വർണം നേടിയത്.

ആദ്യ ഗെയിം പിച്ച്‌ഫോർഡ് സ്വന്തമാക്കിയെങ്കിലും പിന്നീടുലുള്ള നാല് ഗെയിമുകളും എതിരാളിക്ക് ഒരു അവസരവും നൽകാതെ കമൽ സ്വന്തമാക്കുകയായിരുന്നു. മിക്‌സ്ഡ് ഡബിൾസ് മത്സരത്തിലും ശരത് കമൽ -അകു സഖ്യം സ്വർണം നേടിയിരുന്നു. എന്നാൽ, പുരുഷ ഡബിൾസിൽ ശരത് കമൽ -സത്യൻ സഖ്യത്തിന് ഫൈനലിൽ തോൽവി രുചിക്കേണ്ടി വന്നിരുന്നു.

അതേസമയം,ബാഡ്മിന്റൺ കോർട്ടിൽ നിന്ന് സ്വർണം വാരി ഇന്ത്യ. പുരുഷ-വനിത സിംഗിൾസ് സ്വർണനേട്ടങ്ങൾക്ക് പിന്നാലെ പുരുഷ ഡബിൾസ് വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. സ്വാതിക് - ചിരാഗ് സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇംഗ്ലണ്ടിന്റെ ലെയ്ൻ-വെന്റി സഖ്യത്തെയാണ് ഫൈനലിൽ ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. സ്‌കോർ: 2115,21-13

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച സ്വാതിക് - ചിരാഗ് സഖ്യം ഒരു തവണ പോലും എതിരാളികൾക്ക് മത്സരത്തിൽ ആധിപത്യം നേടാൻ അവസരം നൽകിയില്ല. ബാഡ്മിന്റണിൽ പി.പി സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയിരുന്നു. പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യൻ താരം ങ് സി യോങ്ങിനെ ത്രില്ലർ പോരാട്ടത്തിൽ തകർത്താണ് ലക്ഷ്യയുടെ സ്വർണ മെഡൽനേട്ടം.

വനിതാ സിംഗിൾസിൽനിന്നു വ്യത്യസ്തമായി വാശിയേറിയ പോരാട്ടമായിരുന്നു ലക്ഷ്യയും യോങ്ങും തമ്മിൽ നടന്നത്. ആദ്യ ഗെയിമിൽ ലക്ഷ്യ തലനാരിഴയ്ക്കു പരാജയപ്പെട്ടു. എന്നാൽ, രണ്ടാം ഗെയിം ഏകപക്ഷീയമായി പിടിച്ചെടുത്തു. മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ചു പോരാടിയ ശേഷം മലേഷ്യൻ താരം കീഴടങ്ങുകയായിരുന്നു. സ്‌കോർ 19-21, 21-9, 21-16.

നേരത്തെ വനിതാ സിംഗിൾസ് ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെ പരാജയപ്പെടുത്തി പി.വി സിന്ധു സ്വർണം ചൂടിയിരുന്നു. കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേൽ ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്. സ്‌കോർ 21-15, 21-13.

ഒരു രാജ്യാന്തര കായികമാമാങ്കത്തിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യൻ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ വെങ്കലവുമാണ് ലഭിച്ചത്.

ലക്ഷ്യയുടെ മെഡലോടെ ഇന്ത്യയുടെ സ്വർണനേട്ടം 20 ആയി. ഇതോടൊപ്പം 15 വെള്ളിയും 22 വെങ്കലവും അടക്കം 56 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 66 സ്വർണവും 57 വെള്ളിയും 53 വെങ്കലവും സഹിതം 176 മെഡലുകളുമായി ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. 55 സ്വർണവും 60 വെള്ളിയും 53 വെങ്കലടവുമടക്കം 168 മെഡലുമായി ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 26 സ്വർണവും 32 വെള്ളിയും 34 വെങ്കലവും സഹിതം 92 മെഡലുമായി കാനഡയാണ് ഇന്ത്യയ്ക്കു മുന്നിലുള്ള മൂന്നാമത്തെ രാജ്യം.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News