ഒരടിയില്‍ ഇപ്സ്വിച്ചിനെ വീഴ്ത്തി ഗണ്ണേഴ്സ്; പോയിന്‍റ് പട്ടികയില്‍ രണ്ടാമത്
ആഴ്സണലിനായി വലകുലുക്കിയത് കായ് ഹാവേര്‍ട്ട്സ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് നിർണായക ജയം. എതിരില്ലാത്ത ഒരു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെയാണ് ഗണ്ണേഴ്‌സ് തകർത്തത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ പോരാട്ടത്തിൽ കായ് ഹാവേർട്ട്‌സാണ് ആഴ്‌സണലിനായി വലകുലുക്കിയത്.
23ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. ട്രൊസാഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. പിന്നീട് കളം നിറഞ്ഞ് കളിച്ചിട്ടും ഇപ്‌സ്വിച്ച് വലകുലുക്കാൻ ആഴ്‌സണലിനായില്ല. കളിയിലുടനീളം 13 ഷോട്ടുകളാണ് ആഴ്‌സണൽ താരങ്ങൾ ഉതിർത്തത്. അതിൽ അഞ്ചും ഓൺ ടാർജറ്റായിരുന്നു. എന്നാൽ ഇപ്‌സ്വിച്ചിനാവട്ടെ ഒരു തവണ പോലും ഗണ്ണേഴ്‌സ് ഗോൾവല ലക്ഷ്യമാക്കി ഷോട്ടുതിർക്കാനായില്ല. കളിയിൽ 68 ശതമാനം നേരവും പന്ത് കൈവശം വച്ചത് ഗണ്ണേഴ്‌സായിരുന്നു.
ജയത്തോടെ അര്‍ട്ടേട്ടയും സംഘവും പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. 18 കളികളിൽ നിന്ന് 36 പോയിന്റാണ് ആഴ്‌സണലിനുള്ളത്. കഴിഞ്ഞ ദിവസം ചെൽസി തോൽവി വഴങ്ങിയത് ഗണ്ണേഴ്‌സിന് ഗുണമായി.