ഇനി ഐ.സി.സിയിലും ജയ് ഷാ; സാമ്പത്തികകാര്യ വിഭാഗം തലവന്‍

ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

Update: 2022-11-12 15:08 GMT
Advertising

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്ത്. ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന സമിതിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍.

നേരത്തെ സൌരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഗാംഗുലി ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു. അതിനുമുമ്പ് എൻ.ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന കാലത്ത് ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി മേധാവിയുടെ സ്ഥാനം ഇന്ത്യക്കായിരുന്നു. ശശാങ്ക് മനോഹർ ഐ.സി.സി ചെയർമാനായിരുന്ന കാലത്ത് പക്ഷേ ബി.സി.സിഐക്ക് ഐ.സി.സി.യില്‍ പ്രാതിനിധ്യം താരതമ്യേന കുറവായിരുന്നു.

ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്നാണ് ഐ.സി.സിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്. അംഗരാജ്യങ്ങൾക്കിടയിലെ വരുമാനം പങ്കുവെക്കൽ, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ മറ്റ് സ്​പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി സമിതിയാണ്.ഐ.സി.സി അംഗങ്ങളാണ് ഈ സമിതിയിലും എത്തുക. നേരത്തെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങൾ ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്ത് വന്നിട്ടുണ്ട്.

ബി.സി.സി.ഐയുടെ പുതിയ അധ്യക്ഷനായി റോജർ ബിന്നി ചുമതലയേറ്റ  ശേഷമാണ് വീണ്ടും ബി.സി.സി.ഐക്ക് ഐ.സി.സി.യില്‍ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ താക്കോല്‍ സ്ഥാനം ലഭിക്കുന്നത്. 91-ാമത് ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിലാണ് ഗാംഗുലിയില്‍ നിന്ന് റോജർ ബിന്നി ബി.സി.സി.ഐയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നത്.

സൗരവ് ഗാംഗുലിയുടെ കാലവധി പൂർത്തിയായ സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്‍റായാണ് ബിന്നി അധികാരമേറ്റത്. ബിന്നിയോടൊപ്പം പുതിയ ഭരണ സമിതിയും ചുമതലയേറ്റു. ഗാംഗുലിയോടൊപ്പം കമ്മിറ്റിയിലുണ്ടായിരുന്ന ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News