ഇന്ത്യൻ ജേഴ്‌സിയിൽ ഇനിമുതൽ അപോളോ ടയേഴ്‌സ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപോളോ ടയേഴ്‌സ്. 559 കോടി രൂപക്കാണ് ഈ ഡീൽ അപോളോ ടയേഴ്‌സ് സ്വന്തമാക്കിയത്. ചൊവ്വാഴ്ചയാണ് ബിസിസിഐ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മൂന്നു വർഷം നീണ്ടു നിൽക്കുന്ന കരാറാണ് ഒപ്പു വെച്ചിരിക്കുന്നത്. ക്യാൻവാ, ജെകെ സിമെൻറ്സ് എന്നി കമ്പനികളെ പിന്തള്ളിയാണ് അപോളോ കരാർ സ്വന്തമാക്കിയത്.
ബെറ്റിങ് ആപ്പുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. അതെ തുടർന്നാണ് പുതിയ സ്പോൺസർമാർക്കുള്ള തിരച്ചിൽ തുടങ്ങിയത്. യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ സ്പോൺസർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ഒക്ടോബർ രണ്ടിന് നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിലാണ് ആദ്യമായി അപ്പോളോ ഇന്ത്യൻ ജേഴ്സിയിൽ കാണാൻ സാധിക്കുക. പക്ഷെ അതിന് മുന്നോടിയായി ഇന്ത്യ എ യുടെ ആസ്ട്രേലിയയുമായുള്ള മത്സരത്തിലും അപ്പോളോ ജേഴ്സിയിൽ ദൃശ്യമാകും.