അർജുൻ ടെണ്ടുൽക്കർ മുംബൈ വിടുന്നു; ഗോവക്കായി കളിച്ചേക്കും

ഇടംകയ്യൻ പേസർ സയ്യിദ് മുഷ്താഖലി ട്രോഫിയുടെ 2020-21 സീസണിൽ ഹരിയാന, പോണ്ടിച്ചേരി എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ മുംബൈക്കായി കളിച്ചിരുന്നു

Update: 2022-08-11 14:23 GMT
Advertising

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിടുന്നു. അടുത്ത സീസണിൽ അയൽടീമായ ഗോവക്കായി കളിച്ചേക്കും. ഇതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് 22 കാരനായ താരം ആവശ്യപ്പെട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോർട്ട്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലുള്ള ഇടംകയ്യൻ പേസർ സയ്യിദ് മുഷ്താഖലി ട്രോഫിയുടെ 2020-21  സീസണിൽ ഹരിയാന, പോണ്ടിച്ചേരി എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ മുംബൈക്കായി കളിച്ചിരുന്നു.

സീസണ് മുമ്പുള്ള മത്സരങ്ങൾക്കായുള്ള സംസ്ഥാനത്തിന്റെ ടീമിൽ അർജുൻ പരിഗണിക്കപ്പെടുമെന്നും അവയിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിൽ സെലക്ടർമാർ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും ഗോവ ക്രിക്കറ്റ് അസോസിയേഷൻ (ജിസിഎ) പ്രസിഡൻറ് സുരാജ് ലോതിൽകർ പറഞ്ഞു. ഇടംകയ്യൻ ബൗളറെ തങ്ങൾ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അർജുനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഗ്രൗണ്ടിൽ കൂടുതൽ മത്സര സമയം ലഭിക്കുന്നത് അർജുന്റെ കരിയറിന് വളരെ പ്രധാനമാണ്. ഈ മാറ്റം അദ്ദേഹത്തിന് കൂടുതൽ മത്സരാവസരം നൽകും. അദ്ദേഹം തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്' എസ്.ആർ.ടി സ്‌പോർട്‌സ് മാനേജ്‌മെൻറ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതിന് മുമ്പ് മുംബൈയിൽനിന്ന് സുനിൽ ഗവാസ്‌കറുടെ മകൻ രോഹൻ പശ്ചിമ ബംഗാളിനായി കളിച്ചിരുന്നു. 18 കാരനായിരിക്കെ സംസ്ഥാനം മാറിക്കളിച്ച താരം ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

അർജുൻ ടെണ്ടുൽക്കർ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റ് കളിച്ചിരുന്നു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ അവസരം കിട്ടാത്തതാണ് അർജുന് നിരാശ നൽകുന്നത്. ഇംഗ്ലണ്ടിൽ നിരവധി ടി20 മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസിന്റെ ഡെവലപ്പ്‌മെൻറൽ സംഘത്തിൽ താരം അംഗമായിരുന്നു.

Arjun Tendulkar leaves Mumbai Team ; May play for Goa in Domestic Cricket 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News