'മതത്തിന്റെ പേരിൽ വിവേചനം നേരിടരുത്, ഞങ്ങൾ 200% ഷമിക്കൊപ്പം': നിലപാട് വ്യക്തമാക്കി വിരാട് കോഹ്‌ലി

"ഞങ്ങളുടെ സാഹോദര്യം തകർക്കാനാകില്ല. ഇന്ത്യൻ നായകൻ എന്ന നിലയിലാണ് ഞാനീ ഉറപ്പു നൽകുന്നത്"

Update: 2021-10-30 10:51 GMT
Editor : abs | By : Web Desk
Advertising

ദുബായ്: ടി20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള തോൽവിക്ക് ശേഷം പേസർ മുഹമ്മദ് ഷമിക്കെതിരെയുള്ള സംഘ് പരിവാർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോലി പറഞ്ഞു. ന്യൂസിലാൻഡിന് എതിരായ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.

'മതത്തിന്റെ പേരിൽ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതത്തിന്റെ പേരിൽ അവർക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയിൽ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനിവേശം നോക്കുകയാണ് എങ്കിൽ, ആത്മാർത്ഥമായി പറയെട്ട, അവർക്കായി എനിക്ക് വേണ്ടി ഒരു മിനിറ്റു പോലും ചെലവഴിക്കേണ്ടി വരില്ലായിരുന്നു. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. ഇരുനൂറ് ശതമാനം പിന്തുണ നൽകുന്നു. ഞങ്ങളുടെ സാഹോദര്യം തകർക്കാനാകില്ല. ഇന്ത്യൻ നായകൻ എന്ന നിലയിലാണ് ഞാനീ ഉറപ്പു നൽകുന്നത്. ' - കോഹ്‌ലി പറഞ്ഞു. 

'ഞങ്ങൾ മൈതാനത്തിനിറങ്ങുന്നതിന് ഒരു കാരണമുണ്ട്. ആ നട്ടെട്ടില്ലാത്ത ആളുകൾക്ക് അതില്ല. ഇതിൽ ആനന്ദം കണ്ടെത്തുന്ന ആളുകളെ കാണുന്നതിൽ സങ്കടമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ കാര്യം ചെയ്യുന്നതും ആ നട്ടെട്ടില്ലാത്തവർ അവരുടെ കാര്യം ചെയ്യുന്നതും' -കോഹ്‌ലി കൂട്ടിച്ചേർത്തു.

നേരത്തെ, മുൻ ക്രിക്കറ്റർമാരായ വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, ഇർഫാൻ പത്താൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. ബിസിസിഐയും താരത്തിന് ഉറച്ച പിന്തുണ നൽകിയിരുന്നു. പാകിസ്താനെതിരെ നാല് ഓവറിൽ വിക്കറ്റൊന്നും വീഴ്ത്താതെ 43 റൺസാണ് ഷമി വഴങ്ങിയിരുന്നത്.

അതിനിടെ, രണ്ടാം മത്സരത്തിൽ ഞായറാഴ്ച ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News