ചാമ്പ്യൻസ് ട്രോഫിയിൽ മഴ; ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
നാളെ നടക്കുന്ന ഇംഗ്ലണ്ട്-അഫ്ഗാൻ മത്സരം ഇതോടെ നിർണായകമായി
Update: 2025-02-25 13:53 GMT
റാവൽപിണ്ടി: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ സൂപ്പർ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. റാവൽപിണ്ടിയിലെ ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക മത്സരമാണ് ഒരുപന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചത്. ഇരു ടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിച്ചു. നാളെ നടക്കുന്ന അഫ്ഗാനിസ്താൻ-ഇംഗ്ലണ്ട് മാച്ച് ഇതോടെ നിർണായകമായി. തോൽക്കുന്ന ടീം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകും. ആദ്യ മത്സരത്തിൽ ഇരുടീമുകളും തോൽവി വഴങ്ങിയിരുന്നു.
അതേസമയം, പാക് ക്രിക്കറ്റ് ബോർഡ് റാവൽപിണ്ടി ഗ്രൗണ്ട് പൂർണമായി കവർ ചെയ്തില്ലെന്ന ആരോപണവും ശക്തമായി. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ് പാക് ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തുവന്നത്. മഴമാറിയിട്ടും ഔട്ട് ഫീൽഡിലെ നനവ് പോകാത്തിനാൽ മത്സരം ആരംഭിക്കാനായിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ഓസീസിനും ദക്ഷിണാഫ്രിക്കക്കും മൂന്ന് പോയന്റായി.