ഗംഭീറിന്റെ നിലപാടിൽ ബിസിസിഐക്ക് അതൃപ്തി, ടി20 ലോകകപ്പ് വരെ കാത്തിരിക്കും- റിപ്പോർട്ട്
ഈഡൻ ഗാർഡനിൽ രണ്ടരദിവസം കൊണ്ട് മത്സരം അവസാനിച്ചതിന് പിന്നാലെ പിച്ചിനെ പിന്തുണച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐയും രണ്ട് ദ്രുവങ്ങളിലായെന്ന് റിപ്പോർട്ട്. കൊൽക്കത്ത ടെസ്റ്റിന് ശേഷം ഗംഭീർ നടത്തിയ ചില പ്രതികരണങ്ങളാണ് ബോർഡിന്റെ അതൃപ്തിക്ക് കാരണമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈഡൻ ഗാർഡനിൽ രണ്ടരദിവസം കൊണ്ട് മത്സരം അവസാനിച്ചതിന് പിന്നാലെ പിച്ചിനെ പിന്തുണച്ചും ടീം പ്രകടനത്തെ വിമർശിച്ചും കോച്ച് രംഗത്തെത്തിയിരുന്നു. തങ്ങൾ ആഗ്രഹിച്ച വിക്കറ്റ് തന്നെയാണ് കൊൽക്കത്തയിൽ ലഭിച്ചതെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ നിർദേശപ്രകാരമാണ് പിച്ച് തയാറാക്കിയതെന്ന് ചീഫ് ക്യൂറേറ്റർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിന്തുണച്ച് ഗംഭീറും രംഗത്തെത്തിയത്. എന്നാൽ പിച്ചൊരുക്കുന്നതിൽ പാളിയെന്നായിരുന്നു ബിസിസിഐ എടുത്ത നിലപാട്
ഗംഭീറിന്റെ പ്രതികണത്തിൽ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും തൽക്കാലം നടപടിയുമുണ്ടാകില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തിനപ്പുറം ടി20 ലോകകപ്പ് മുന്നിൽനിൽക്കെയാണ് കടുത്ത നടപടി വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതെന്നും വാർത്തയുണ്ട്. അതേസമയം, ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് ബോർഡ് കടന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഗംഭീറിന് കീഴിൽ ടെസ്റ്റിൽ ഇന്ത്യക്ക് മോശം റെക്കോർഡാണുള്ളത്. രവി ശാസ്ത്രിയുടേയും രാഹുൽ ദ്രാവിഡിന്റേയും കാലയളവിൽ ഇന്ത്യൻ മണ്ണിൽ മികച്ച പ്രകടനം നടത്തിയ ടീം ഗംഭീർ യുഗത്തിൽ റെഡ്‌ബോൾ ക്രിക്കറ്റിൽ തീർത്തും നിറംമങ്ങി. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിലൊരു പരമ്പര സ്വന്തമാക്കിയത്. സമാനമായി ചരിത്രനേട്ടമാണ് ന്യൂസിലൻഡും സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റിൽ ഗംഭീറിനെ മാറ്റണമെന്ന മുറവിളിയും ഉയർന്നിരുന്നു.