ടി20യിൽ റെക്കോർഡ് ചേസിങ്; തട്ടുതകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക, അമ്പരന്ന് ക്രിക്കറ്റ് ലോകം

രണ്ട് ഇന്നിങ്‌സിലുമായി 517 റൺസാണ് പിറന്നത്. ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളൊക്കെ നോക്കുകയാണെങ്കിൽ ടി20യിൽ ഇത്രയും സ്‌കോർ പിറന്നിട്ടില്ല.

Update: 2023-03-27 02:52 GMT
സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്ക് കാണികളെ അഭിവാദ്യം ചെയ്യുന്നു

സെഞ്ചൂറിയൻ: സ്വന്തം മണ്ണിൽ ആര് റെക്കോർഡ് സ്‌കോർ കുറിച്ചാലും അതുപൊളിച്ചെ ദക്ഷിണാഫ്രിക്കയ്ക്ക് ശീലമുള്ളൂ. ഏത് ഫോർമാറ്റിലായാലും കഥ അങ്ങനെതന്നെ. ടി20യിലും റെക്കോർഡ് ചേസിങ് പിറന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്ക വെറും നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു, അതും 18.5 ഓവറിൽ. ടി20യിൽ റെക്കോർഡാണിത്.

Advertising
Advertising

രണ്ട് ഇന്നിങ്‌സിലുമായി 517 റൺസാണ് പിറന്നത്. ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളൊക്കെ നോക്കുകയാണെങ്കിൽ ടി20യിൽ ഇത്രയും സ്‌കോർ പിറന്നിട്ടില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ പന്ത് മുതൽ വിൻഡീസ് ടി20യിലെ വിൻഡീസായി. 46 പന്തിൽ 118 റൺസ് നേടിയ ചാൾസ് ആണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ 'പെരുമാറി'യത്. പത്ത് ഫോറും പതിനൊന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ചാൾസിന്റെ ഇന്നിങ്‌സ്. 27 പന്തിൽ 51 റൺസ് നേടിയ മയേഴ്‌സ്, 18 പന്തിൽ നിന്ന് 41 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡ് എന്നിവരുടെ ഇന്നിങ്‌സുകളും വിൻഡീസിന്റെ കൂറ്റൻ സ്‌കോറിന് തുണയായി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 52 റൺസ് വിട്ടുകൊടുത്തു. കൂറ്റൻസ്‌കോർ എടുത്തതിന്റെ ചിരിയിൽ വിൻഡീസ് ബൗളിങിന് എത്തിയപ്പോൾ ക്വിന്റൻ ഡി കോക്ക് അവരെ തല്ലിത്തോൽപ്പിച്ചു. കിട്ടിയ പന്തുകളെല്ലാം അതിർത്തി കടത്താൻ ഡികോക്ക് ഉത്സാഹിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു. 44 പന്തുകളിൽ നിന്ന് 100 റൺസാണ് ഡികോക്ക് നേടിയത്. ഒമ്പത് ഫോറുകളും എട്ട് സിക്‌സറുകളും ഡികോക്കിന്റെ ബാറ്റിൽ നിന്നും പിറന്നു. മറ്റൊരു ഓപ്പണർ റീസ ഹെന്റിക്‌സും(28 പന്തിൽ 68) എയ്ഡൻ മാർക്രമും(21 പന്തിൽ 38) ഹെന്റിച്ച് ക്ലാസനും(7 പന്തിൽ 16) ദക്ഷിണാഫ്രിക്കൻ ജയം എളുപ്പമാക്കി.

ടീം സ്‌കോർ 152ൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണത്. അതും 10.5 ഓവറിൽ. വിൻഡീസ് ഉയർത്തിയ റൺമല പൊളിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ കയ്യിൽ ഏഴ് പന്തുകളും ആറ് വിക്കറ്റുകളും ഇനിയും ബാക്കിയുണ്ടായിരുന്നു. പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച ജോഹന്നാസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴ തടസപ്പെടുത്തിയപ്പോൾ മൂന്ന് വിക്കറ്റിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ ജയം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News