'ഇതാണ് റിയൽ ചാമ്പ്യൻ'; പരിക്കേറ്റിട്ടും പൊരുതിയ രോഹിതിനെ പുകഴ്ത്തി ആരാധകർ

ഒമ്പതാമതായി ഇറങ്ങിയ രോഹിത് കൈവിരലിലെ പരിക്കുമായി 28 പന്തിൽ 51 റൺസാണ് നേടിയത്

Update: 2022-12-07 15:59 GMT
Advertising

കൈവിരലിൽ പരിക്കേറ്റിട്ടും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പൊരുതിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ആരാധകർ. മത്സരത്തിൽ ബംഗ്ലാ കടുവകൾ അഞ്ച് റൺസിന് വിജയിച്ചുവെങ്കിലും അവസാന ഘട്ടത്തിൽ ഇറങ്ങിയ രോഹിത് അർധസെഞ്ച്വറി നേടി ടീമിനെ വിജയതീരത്തോളമെത്തിച്ചിരുന്നു. 28 പന്തിൽ 51 റൺസാണ് ഒമ്പതാമതായി ഇറങ്ങിയ രോഹിത് നേടിയത്. പക്ഷേ ആറു റൺസ് വേണ്ടിയിരുന്ന അവസാന പന്ത് ഡോട്ട് ബോളാക്കുന്നതിൽ മുസ്തഫിസുർറഹ്‌മാൻ വിജയിക്കുകയായിരുന്നു. തുടർന്ന് മത്സരവും പരമ്പരയും ബംഗ്ലാദേശ് നേടി. പക്ഷേ, ഈ പരാജയത്തിലും രോഹിത് പ്രകടിപ്പിച്ച വീര്യമാണ് സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തപ്പെടുന്നത്. 'എന്തൊരു ചാമ്പ്യൻ താരം, പോരാളി, വ്യക്തിതമാണ് രോഹിത് ശർമ' ഒരാൾ ട്വിറ്ററിൽ കുറിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വേറിട്ട രീതിയിലാണ് താരത്തെ അനുമോദിച്ചത്. ക്യാപ്റ്റൻസ് നോക്ക് എന്ന് ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ രോഹിത് ശർമ വേഴ്‌സസ് ബംഗ്ലാദേശ് എന്ന് ഉത്തരം കിട്ടുന്ന സേർച്ച് പങ്കുവെച്ചായിരുന്നു അവരുടെ അനുമോദനം.

എന്നും ഓപ്പണറായിരുന്ന താരം രാജ്യം ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട സാഹചര്യത്തിൽ പോരാളിയായെന്ന് രാജസ്ഥാൻ റോയൽസ് കുറിച്ചു.

'എ ബിഗ് സല്യൂട്ട്, രോഹിത് ശർമ' ജോൺസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കൈവിരലിൽ പരിക്കേറ്റ താരം ബാൻഡേജ് അണിഞ്ഞ് ബാറ്റ് ചെയ്യുന്ന ചിത്രം സഹിതം ഒട്ടനവധി പോസ്റ്റുകൾ ട്വിറ്ററിൽ എഫ്ബിയിലുമൊക്കെ നിറഞ്ഞു. ബിസിസിഐയും ഇന്ത്യൻ നായകനെ പുകഴ്ത്തി.

രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോൾ രണ്ടാം ഓവറിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് നായകന് ഇടതു കൈയുടെ തള്ളവിരലിൽ പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് പോയ രോഹിതിനെ എക്‌സ്‌റേ പരിശോധനക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് വിരലിന് പൊട്ടില്ലെന്ന് വ്യക്തമായിരുന്നുവെങ്കിലും പരിക്കുള്ളതിനാൽ താരം ഓപ്പണറായി ഇറങ്ങിയിരുന്നില്ല. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് 43ാം ഓവറിൽ 207/7 എന്ന നിലയിൽ കിതച്ചിരിക്കെ താരമിറങ്ങുകയായിരുന്നു. ഒടുവിൽ 272 റൺസ് ലക്ഷ്യം തേടിയുള്ള പോരാട്ടം 266 റൺസ് വരെയെത്തിക്കുകയായിരുന്നു ഹിറ്റ്മാൻ. വാലറ്റത്ത് ഇറങ്ങിയ രോഹിത് 28 പന്തിൽ 51 റൺസാണ് നേടിയത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങിയ മെഹിദി ഹസനാണ് ബംഗ്ലാദേശിനെ വിജയതീരത്തണച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറി(100*)യുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി അഞ്ച് റൺസും ശിഖർ ധവാൻ എട്ടിനും പുറത്തായി വാഷിങ്ടൺ സുന്ദർ 11 കെ.എൽ രാഹുൽ 14 റൺസെടുത്തും കൂടാരം കയറി. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശ്രേയസും അക്സറും ക്രീസിൽ നിലയുറപ്പിച്ചതോടെയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത്. 113 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇരുവരുടേയും ബാറ്റിങ് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും മെഹ്ദി ഹസൻ ശ്രേയസിനെ (82) കൂടാരം കയറ്റി. തൊട്ടുപിന്നാലെ അക്‌സറിനെയും (56) വീഴ്ത്തി ബംഗ്ലാ കടുവകൾ കളി തിരിച്ചുപിടിക്കുകയായിരുന്നു. പിന്നാലെ എത്തിയ ദീപക് ചഹാറും മുഹമ്മദ് സിറാജും ബംഗ്ലാ വീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞു കൂടാരം കയറി. അപ്പോഴാണ് രക്ഷനാവുമെന്ന് തോന്നിപ്പിച്ച് ക്യാപ്റ്റൻ രോഹിത് കളം നിറഞ്ഞത്. കൈവിട്ട് പോയ കളി തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ സമ്മാനിച്ച ഇന്നിങ്സായിരുന്നു രോഹിത് പുറത്തെടുത്തത് നേരിട്ട ബൗളുകളെല്ലാം ബൗണ്ടറി കടത്തി ബംഗ്ലാദേശിനെ വിറപ്പിച്ചു. അവസാന ബോളിൽ ആറ് റൺസ് വേണ്ടിയിരുന്ന മത്സരത്തിൽ തോൽവി സമ്മതിച്ച് മടങ്ങി. ഇബാദത്ത് ഹുസൈനും മെഹ്ദി ഹസനുമാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇബാദത്ത് മൂന്ന് വിക്കറ്റും മെഹ്ദി ഹസനും ഷക്കീബുൽ ഹസനുംരണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇരട്ടവിക്കറ്റുകളുമായി ആതിഥേയരെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അനാമുൽ ഹഖിനെ(11) വിക്കറ്റിനു മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. പത്താം ഓവറിൽ സിറാജ് എറിഞ്ഞ രണ്ടാം പന്ത് ബംഗ്ലാ നായകൻ ലിട്ടൻ ദാസിന്റെ(ഏഴ്) മിഡിൽ സ്റ്റംപും പിഴുതാണ് കടന്നുപോയത്.

ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ്രണ്ടാം വിക്കറ്റിൽ ഷകീബുൽ ഹസനൊപ്പം ചേർന്ന് നജ്മുൽ ഹുസൈൻ ഷാന്തോ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 151 കി.മീറ്റർ വേഗത്തിലുള്ള ഉമ്രാന്റെ തീതുപ്പുന്ന പന്തിൽ ഷാന്തോയുടെ ഓഫ്സ്റ്റംപിളകി. 35 പന്തിൽ 21 റൺസുമായാണ് താരം മടങ്ങിയത്.പിന്നാലെ ഷകീബിനെയും(എട്ട്) മുഷ്ഫിഖുറഹീമിനെയും(12) അഫീഫ് ഹുസൈനെ(പൂജ്യം)യും മടക്കിയയച്ച് വാഷിങ്ടൺ സുന്ദറിന്റെ ആക്രമണം. ആറിന് 69 എന്ന നിലയ്ക്ക് കൂട്ടത്തകർച്ച മുന്നിൽകണ്ട് ബംഗ്ലാദേശ്. എന്നാൽ, അവിടെനിന്നായിരുന്നു മെഹിദി ഹസന്റെ അസാമാന്യമായ ഇന്നിങ്സ്. ഒരു വശത്ത് മുൻ നായകൻ മഹ്‌മൂദുല്ലയെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 83 പന്തിലാണ് മെഹിദി എട്ട് ഫോറും നാല് സിക്സറും അടിച്ച് സെഞ്ച്വറി തികച്ചത്. മഹ്‌മൂദുല്ല 96 പന്തിൽ എഴ് ഫോർ സഹിതം 77 റൺസുമെടുത്ത് ഉറച്ച പിന്തുണ നൽകി.

അവസാന ഓവറുകളിൽ മെഹിദിലും നസൂം അഹ്‌മദും നടത്തിയ ടി20 ശൈലിയിലുള്ള ആക്രമണമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 11 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും അടിച്ച് 18 റൺസെടുത്ത നസൂം മെഹിദിക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തപ്പോൾ സിറാജിനും ഉമ്രാൻ മാലികിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

Cricket fans have praised Indian captain Rohit Sharma who fought through the match against Bangladesh despite a finger injury.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News