‘കോഹ്‍ലി ദ ബ്രാൻഡ്’; ഓപ്പറേഷൻ സിന്ദൂർ വിശദീകരണത്തിനിടയിലും കോഹ്‍ലിയെ ഓർത്ത് ഡിജിഎംഒ രാജീവ് ഘായ്

Update: 2025-05-13 10:07 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ വിരമിക്കൽ വാർത്ത ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ ടെന്നിസ് താരം നൊവാക് ദ്യോകോവിച്, ഫുട്​ബാൾ താരം ഹാരി കെയ്ൻ അടക്കമുള്ളവരും കോഹ്‍ലിക്ക് ആശംസകൾ നേർന്നു.

എന്നാൽ അതിലേറെ കൗതുകമായത് ഇന്ത്യൻ ആർമി ഡിജിഎംഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ) രാജീവ് ഘായുടെ വാക്കുകളാണ്. ഓപ്പറേഷൻ സിന്ദൂറി​നെക്കുറിച്ച് മാധ്യമ​ങ്ങളോട് സംസാരിക്കവേയാണ് രാജീവ് ഘായ് കോഹ്‍ലിയെ പരാമർശിച്ചത്.

‘‘കുറച്ച് ക്രിക്കറ്റ് സംസാരിക്കാമെന്ന് കരുതുന്നു. കാരണം വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി ഞാൻ കണ്ടു. ഒരുപാട് ഇന്ത്യക്കാരെപ്പോലെ എന്റെയും ഫേവറിറ്റ് ക്രിക്കറ്റ് താരം കോഹ്‍ലിയാണ്’’ -രാജീവ് ഘായ് പറഞ്ഞു.

Advertising
Advertising

ഇന്ത്യയുടെ കരുത്ത് ഉദ്ധരിക്കാൻ ഡിജിഎംഒ ഉദ്ധരിച്ചതും ക്രിക്കറ്റിനെയാണ്. ‘‘1970ലെ ആഷസ് സീരിസിൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ഓസീസ് പേസ് ബൗളർമാരായ ജെഫ് തോംസണും ഡെന്നിസ് ലില്ലിയും ഇംഗ്ലീഷ് ബാറ്റിങ് ലൈനപ്പിനെ തരിപ്പണമാക്കി. ആ സമയത്ത് ഓസീസ് ഒരു വാക്യമുണ്ടാക്കി ‘ആഷസ് ടു ആഷസ്, ഡസ്റ്റ് ടു ഡസ്റ്റ്, തോംസണ് വിക്കറ്റ് കിട്ടിയില്ലെങ്കിൽ ലില്ലി ഉറപ്പായും എടുക്കും’. ഇതിലെ അടരുകൾ മനസ്സിലാക്കിയാൽ ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകും’’ -രാജീവ് ഘായ് പറഞ്ഞു.

123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കോഹ്‍ലി 9230 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 46 ശരാശരിയിൽ 30 സെഞ്ച്വറികളും നേടി.2011ൽ വെസ്റ്റിൻഡീസിനെതിരെയാണ് കോഹ്‍ലി ടെസ്റ്റിൽ അരങ്ങേറിയത്. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യയെ 68 മത്സരങ്ങളിൽ നയിച്ച കോഹ്‍ലിയുടെ കീഴിൽ 40 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നൽകിയ ക്യാപ്റ്റനെന്ന ഖ്യാതിയും കോഹ്‍ലിക്ക് സ്വന്തം. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോഹ്‍ലി ഇനി ഏകദിനത്തിൽ മാത്രമാകും തുടർന്ന് കളിക്കുക.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News