61 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിന് ജയിക്കണമെങ്കിൽ 496 റൺസാണ് നേടേണ്ടത്

Update: 2024-02-18 10:47 GMT
Advertising

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഇന്ത്യ. കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 61 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. കേവലം 11 റൺസ് മാത്രം നൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവുമാണ് സന്ദർശകരുടെ നടുവൊടിച്ചത്. ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. കളിയിൽനിന്ന് അവധിയെടുത്തിരുന്ന രവിചന്ദ്രൻ അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന് ജയിക്കണമെങ്കിൽ 496 റൺസാണ് നേടേണ്ടത്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 445ഉം രണ്ടാം ഇന്നിംഗ്‌സിൽ 430 ഉം റൺസ് നേടിയിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 319 റൺസാണ് കണ്ടെത്തിയത്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെടുത്ത ശേഷം ഡിക്ലേയർ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിൽ യശ്വസി ജയ്‌സ്വാൾ (214) ഇരട്ട ശതകം നേടി. ശുഭ്മാൻ ഗിൽ (91), സർഫറാസ് ഖാൻ (68) എന്നിവർ അർധശതകവും കയ്യിലാക്കി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സർഫറാസ് ആദ്യ ഇന്നിംഗ്‌സിലും അർധ ശതകം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന്റെ താരങ്ങൾക്കാർക്കും 15 റൺസിനപ്പുറം കടക്കാനായിട്ടില്ല. സാക് ക്രാവ്‌ലി (11), ബെൻ ഡുക്കറ്റ് (4), ഒല്ലി പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയർസ്‌റ്റോ (4) എന്നീ മുൻനിര ബാറ്റർമാർ പെട്ടെന്ന് തോൽവി സമ്മതിച്ചു. 15 റൺസ് നേടിയ നായകൻ ബെൻ സ്‌റ്റോക്‌സാണ് നിലവിലെ ടോപ് സ്‌കോറർ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News