ലോർഡ്‌സിൽ ആദ്യ ഇന്നിംഗ്സ് സമനിലയിൽ
ഇന്ത്യൻ നിരയിൽ കെ.എൽ രാഹുൽ സെഞ്ചുറിയുമായി തിളങ്ങി
ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് സമനിലയിൽ. ഇംഗ്ലണ്ട് ഉയർത്തിയ 387 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 120 ആം ഓവറിൽ 387 ന് ആൾ ഔട്ടായി. ഇന്ത്യൻ നിരയിൽ കെ.എൽ രാഹുൽ സെഞ്ചുറി നേടിയപ്പോൾ റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ചുറി കണ്ടെത്തി.
മൂന്നാം ദിനം 242 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ രാഹുൽ - പന്ത് സഖ്യത്തിന്റെ മികവിൽ ആദ്യ സെഷനിൽ റൺസ് ഉയർത്തി. ലഞ്ചിന് പിരിയും മുമ്പ് അനാവശ്യ റണ്ണിന് ശ്രമിച്ച പന്തിനെ ബെൻ സ്റ്റോക്സ് റൺ ഔട്ടിലൂടെ മടക്കിയയച്ചു. പിന്നാലെ സെഞ്ചുറി പൂർത്തിയാക്കിയ രാഹുലിനെ ഷോയിബ് ബഷീർ ബ്രൂക്കിൻ്റെ കൈകളിലെത്തിച്ചു.
ആറാം വിക്കറ്റിൽ ജഡേജയും സുന്ദറും ചേർന്ന് ഇന്ത്യൻ റൺസ് ചലിപ്പിച്ചു. ടീ ബ്രേക്കിന് പിന്നാലെ ജഡേജയെ കീപ്പറുടെ കൈകളിലെത്തിച്ച് വോക്ക്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. പിന്നാലെയെത്തിയ ആകാശ് ദീപ് രണ്ട് തവണ വിക്കറ്റിന് മുന്നിൽ കുരുങ്ങിയെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു. ഏഴ് റൺസ് കൂട്ടി ചേർത്ത താരം ബൈഡൻ കാർസിന്റെ ഓവറിൽ ബ്രൂക്കിന് ക്യാച്ച് നൽകി മടങ്ങി. വാലറ്റക്കാർ കളി മറന്നതോടെ 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് അവസാന 4 വിക്കറ്റുകൾ നഷ്ടമായി.
മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ രണ്ട് റൺസ് എന്ന നിലയിലാണ്.