പാക് പര്യടനം: ഇംഗ്ലണ്ട് ടീമിലെ പകുതിയിലേറെ പേർക്ക് വൈറസ് ബാധ

ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സടക്കമുള്ള 13-14 പേർക്കാണ് അസുഖം ബാധിച്ചത്

Update: 2022-11-30 10:35 GMT
Advertising

പാകിസ്താനിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിലെ പകുതിപേർക്ക് വൈറസ് ബാധ. ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സടക്കമുള്ളവർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. പര്യടനത്തിനെത്തിയ 16 പേരിൽ 13-14 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ബുധനാഴ്ച നടന്ന പരിശീലനത്തിൽ എല്ലാ താരങ്ങളും പങ്കെടുത്തില്ല. ബെൻ സ്‌റ്റേക്‌സടക്കമുള്ളവർ ഇസ്‌ലാമാബാദിലെ ഹോട്ടലിൽ കഴിയുകയാണ്. വയറിളക്കമടക്കമുള്ള അസുഖമാണ് താരങ്ങൾക്കുള്ളത്.

അംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയില്ലാതിരിക്കാൻ ടീം സ്വന്തം പാചകക്കാരനെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. സെപ്തംബറിൽ നടന്ന ടി20 പരമ്പരയിൽ ഇത്തരം പ്രശ്‌നമുണ്ടായതിനെ തുടർന്നാണ് ഒമർ മെസിയാനെ ടീമിനൊപ്പം കൂട്ടിയത്. ഇദ്ദേഹം ടീമിനൊപ്പം ഹോട്ടലിൽ കഴിയുകയാണ്. എന്നാൽ ഇപ്പോഴുണ്ടായ പ്രശ്‌നം ഭക്ഷണത്തിൽ നിന്നാണോയെന്ന് വ്യക്തമല്ല.

ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന ലിയാം ലിവിങ്‌സ്റ്റണടക്കമുള്ള അവസാന ഇലവൻ ചൊവ്വാഴ്ച സ്‌റ്റോക്‌സ് പുറത്തുവിട്ടിരുന്നു. എന്നാൽ അസുഖം ബാധിച്ചതിനാൽ ടീമിൽ മാറ്റമുണ്ടാകും.

അതേസമയം, ഹാരി ബ്രൂക്, സാക് ക്രാവ്‌ലേ, കീറ്റൻ ജെന്നിംഗ്‌സ്, ഒല്ലി പോപ്, ജോ റൂട്ട് എന്നിവർ റാവൽപിണ്ടി സ്‌റ്റേഡിയത്തിലെ പരിശീലനത്തിനെത്തി. ഹെഡ് കോച്ച് ബ്രെണ്ടൻ മക്കല്ലത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. റൂട്ടിന് ചൊവ്വാഴ്ച അസുഖ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. 'അസുഖം ഭക്ഷ്യവിഷബാധയോ കോവിഡോയാണെന്ന് കരുതുന്നില്ലെന്നും കൂട്ടായ വന്ന മറ്റെന്തോ ബുദ്ധിമുട്ടാകാമെന്നു'മാണ് അദ്ദേഹം പ്രതികരിച്ചത്.

നാളെ മുതൽ നടക്കേണ്ട ടെസ്റ്റ് ഒരു ദിവസം വൈകിയാണ് തുടങ്ങുക. താരങ്ങളുടെ ആരോഗ്യാവസ്ഥ നിരീക്ഷിച്ച് വരികയാണെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ അറിയിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായും പറഞ്ഞു.

Half of England team touring Pakistan infected with virus

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News