റണ്‍മലയില്‍ തട്ടി വീണ് ആര്‍ സി ബി; ഹൈദരാബാദിന് 42 റണ്‍സ് ജയം
പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ്
ലഖ്‌നൗ: ഐ.പി.എല്ലിൽ പ്ലേ ഓഫുറപ്പിച്ച ബംഗളൂരുവിനെ വീഴ്ത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ റൺമലക്ക് മുന്നിൽ തെന്നി വീണ ആർ.സി.ബി 42 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ബംഗളൂരുവിന് മുന്നിൽ 232 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി. എന്നാൽ മറുപടി ബാറ്റിങ്ങിൽ പഠിദാറിന്‍റേയും സംഘത്തിന്‍റേയും പോരാട്ടം 189 റൺസില്‍ അവസാനിച്ചു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് പോക്കറ്റിലാക്കി.
നേരത്തേ 94 റൺസെടുത്ത ഇഷാൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോർ പടുത്തുയർത്തിയത്. 48 പന്ത് നേരിട്ട ഇഷാന്റെ ബാറ്റിൽ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറും പിറന്നു. 34 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയും ഹൈദരാബാദ് സ്‌കോർബോർഡിന് നിർണായക സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സാൾട്ടും കോഹ്ലിയും ബംഗളൂരുവിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും വീണതിന് ശേഷം ബംഗളൂരു നിരയിൽ ആരും രക്ഷാ പ്രവർത്തനം ഏറ്റെടുത്തില്ല. സാൾട്ട് 32 പന്തിൽ 62 റൺസെടുത്തപ്പോൾ കോഹ്ലി 25 പന്തിൽ 43 റൺസെടുത്തു.