ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിന് ബിസിസിഐയുടെ 58 കോടി; ഓരോ താരത്തിനും ലഭിക്കുന്ന തുക അറിയാം

ഐസിസി പ്രൈസ്മണിയേക്കാൾ മൂന്ന് ഇരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ചത്

Update: 2025-03-20 10:04 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ന്യൂസിലൻഡിനെ തകർത്ത് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് 58 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഒരു മത്സരം പോലും തോൽക്കാതെയാണ് രോഹിത് ശർമയുടെ കീഴിൽ ഇറങ്ങിയ നീലപട ചാമ്പ്യൻമാരായത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നേടുന്ന ഐസിസി ട്രോഫിയാണിത്.

 ടീം അംഗങ്ങൾക്ക് പുറമെ സപോർട്ടിങ്‌സ്റ്റാഫിനും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കും ഈ തുക വീതിച്ച് നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐസിസി ടൂർണമെന്റുകളിൽ ടീം തുടരെ ജേതാക്കളാകുന്നത് പ്രത്യേകതയുള്ളതാണെന്നും ടീം സമർപ്പണത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും ഫലമാണിതെന്നും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി വ്യക്തമാക്കി.

Advertising
Advertising

 ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ഓരോ താരത്തിനും മൂന്ന് കോടി വീതമാകും ലഭിക്കുക. ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിലൂടെ ഐസിസിയിൽ നിന്നു ലഭിച്ച പ്രൈസ് മണിയായ 20 കോടി കളിക്കാർക്ക് മാത്രമായാകും വിതരണം ചെയ്യുക. താരങ്ങൾക്ക് പുറമെ പരിശീലകൻ ഗൗതം ഗംഭീറിനും മൂന്ന് കോടി ബിസിസിഐ നൽകും. പരിശീലന സംഘത്തിലെ ഓരോ സ്റ്റാഫിനും 50 ലക്ഷ്യം വീതവും പാരിതോഷികമായി ലഭ്യമാകും. ബിസിസിഐ ഒഫീഷ്യൽസ്, ലോജിസ്റ്റിക് മാനേജേഴ്‌സ് എന്നിവർക്ക് 25 ലക്ഷം വീതവും ലഭിക്കും. ചീഫ് സെലക്ടർ അജിത് അഗാർക്കറിന് 30 ലക്ഷം നൽകുമ്പോൾ മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് 25ലക്ഷം വീതമാകും നൽകുക.

പാകിസ്താൻ, ആസ്‌ത്രേലിയ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ടീമുകളെ തോൽപിച്ചാണ് ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്. ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷവേദിയായ ദുബൈ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് നടന്നത്. സമീപകാലത്തായി ഏകദിനത്തിലും ടി20യിലും തോൽവിയറിയാതെയാണ് നീലപട മുന്നേറുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News