രണ്ടാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ ; ആദ്യ ഇന്നിങ്സിൽ 358 ന് പുറത്ത്
മാഞ്ചസ്റ്റർ : ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ രണ്ടാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ. 265/4 എന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 100 റൺ കൂട്ടിച്ചേർക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. പരിക്ക് വകവെക്കാതെ ബാറ്റിങ്ങിന് തിരിച്ചിറങ്ങിയ ഋഷഭ് പന്ത് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി.
ജഡേജയെ നഷ്ട്ടപെട്ടു കൊണ്ടാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. പിന്നാലെയെത്തിയ വാഷിങ്ടൺ സുന്ദറിനൊപ്പം ചേർന്ന് ശർദുൽ താക്കൂർ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ ബെൻ സ്റ്റോക്ക്സ് താക്കൂറിനെ മടക്കിയയച്ചു. ബെൻ ഡക്കറ്റിന്റെ സുന്ദരൻ ക്യാച്ചാണ് സ്റ്റോക്ക്‌സിന് മൂന്നാം വിക്കറ്റ് നൽകിയത്.
വാലറ്റക്കാരായ സിറാജിനെയും ബുംറയേയും കാത്തിരുന്ന ഇന്ത്യൻ ആരാധകർക്ക് ആവേശവും അമ്പരപ്പും നൽകി ഋഷഭ് പന്ത് ക്രീസിലെത്തി. കഴിഞ്ഞ ദിവസം ക്രിസ് വോക്ക്സിന്റെ പന്തിൽ കാലിന് പരിക്കേറ്റ താരം റിട്ടയേർഡ് ഹർട്ടായി കളം വിട്ടിരുന്നു. തിരികെയെത്തിയ താരം പതിയെ ഇന്ത്യൻ സ്‌കോർ ബോർഡിൽ റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ മഴയെത്തിയതോടെ മത്സരം ലഞ്ചിന് പിരിഞ്ഞു.
ലഞ്ചിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യയെ ഒരിക്കൽ കൂടി സ്റ്റോക്ക്സ് സമ്മർദ്ദത്തിലാക്കി. സുന്ദറിനെ വോക്ക്സിന്റെ കൈകളിൽ എത്തിച്ച് താരം ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിറകെയെത്തിയ അരങ്ങേറ്റക്കാരൻ അൻഷുൽ കംബോജിന് കാര്യമായൊന്നും ചെയ്യാനായില്ല. മൂന്ന് പന്ത് മാത്രം കളിച്ച താരം പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്സിന്റെ മത്സരത്തിലെ അഞ്ചാം വിക്കറ്റായിരുന്നുവത്. അർദ്ധ സെഞ്ചുറി പിന്നിട്ട പന്തിന്റെ കുറ്റി തെറിപ്പിച്ച് ആർച്ചർ ബുംറയെ കൂടി മടക്കിയയച്ചതോടെ ഇന്ത്യൻ ഇന്നിംഗ്സ് 358 ൽ ഒതുങ്ങി.
നേരത്തെ യശ്വസി ജയ്‌സ്വാൾ , സായ് സുദർശൻ എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ റൺസ് പടുത്തുയർത്തിയത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ നിലവിൽ ഇംഗ്ലണ്ട് മുന്നിലാണ്.