കപ്പടിക്കാൻ ഇന്ത്യ; പിടിച്ചെടുക്കാൻ ന്യൂസിലൻഡ്

ന്യൂസിലൻഡ് നാളിന്നുവരെ ക്രിക്കറ്റ് ചരിത്രത്തിൽ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പും. ഈ രണ്ട് തവണയും അവർ പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്ന കൗതുകവുമുണ്ട്

Update: 2025-03-08 11:05 GMT
Editor : safvan rashid | By : Sports Desk

ന്ത്യ വീണ്ടും ഒരു ഐസിസി ഫൈനൽ കളിക്കാൻ ഒരുങ്ങുന്നു. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാൽ ഇന്ത്യ 14ാം തവണയാണ് ഒരു ഐസിസി ടൂർണമെന്റിന്റെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇക്കാര്യത്തിൽ ആസ്ട്രേലിയ പോലും നമുക്ക് പിന്നിലാണ്. അവർ 13 ഫൈനലുകളാണ് കളിച്ചത്. പക്ഷേ ഓസീസിന് പത്ത് കിരീടങ്ങളുണ്ട്. ഇന്ത്യക്കുള്ളത് ആറെണ്ണം മാത്രം.

പോയ പതിറ്റാണ്ടിലെ കാര്യമെടുത്താൽ ഫൈനലുകളുടെ എണ്ണത്തിൽ ഇന്ത്യയോട് മുട്ടിനിൽക്കുന്നവരാണ് ന്യൂസിലൻഡ്. മുമ്പ് സെമി ഫൈനൽ ടീമെന്ന് അറിയപ്പെട്ടിരുന്ന കിവികൾ ഒരു ഫൈനൽ ടീമായി പരിണമിച്ചിട്ടുണ്ട്. 2015 ​ഏകദിന ലോകകപ്പിൽ ഉജ്ജ്വല ഫോമിലായിരുന്നു കിവി സംഘം അന്നാദ്യമായി ഫൈനൽ വരെ മുന്നേറി. പക്ഷേ കലാശപ്പോരിൽ ഓസീസിന് മുന്നിൽ കളിമറന്നു. 2019ൽ വീണ്ടും ഫൈനലിലേക്ക്. പക്ഷേ ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മാറിഞ്ഞ മത്സരത്തിൽ ബൗണ്ടറിയെണ്ണി ഇംഗ്ലണ്ടിന് കിരീടം നൽകുമ്പോൾ കരയാൻ തന്നെയായിരുന്നു അവരുടെ വിധി.

Advertising
Advertising

ഒടുവിൽ 2021ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മോഹങ്ങളെ അരിഞ്ഞിട്ട് അവർ പതിറ്റാണ്ടുകളോളം നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ 2021 ട്വന്റി 20 ലോകകപ്പിലും ഫൈനലിൽ. പക്ഷേ അവിടെയും ഓസീസിന് മുന്നിൽ കാലിടറി. എങ്കിലും ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ സുവർണ തലമുറയായാണ് ഈ സംഘം അറിയപ്പെടുന്നത്. ഓരോ ഐസിസി ടൂർണമെന്റിലും സ്ഥിരതയോടെയാണ് അവർ കളിച്ചത്.

ന്യൂസിലൻഡ് നാളിന്നുവരെ ക്രിക്കറ്റ് ചരിത്രത്തിൽ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പും. ഈ രണ്ട് തവണയും അവർ പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്ന കൗതുകവുമുണ്ട്.


ഇനി മത്സരത്തിലേക്ക് വരാം.ഒരേ ഗ്രൗണ്ടിൽ മാത്രം ഒരു ടൂർണമെന്റ് മൊത്തമായും കളിച്ചുവെന്ന വിമർശനം ഇന്ത്യക്കെതിരെയുണ്ട്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ എന്നിവരെല്ലാം ഈ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തി. ഹൈബ്രിഡ് മോഡൽ ചാമ്പ്യൻഷിപ്പ് കൊണ്ട് ഏറ്റവുമധികം ക്ഷീണം പറ്റിയ ടീമാണ് ന്യൂസിലാൻഡ്. അവർക്ക് മറ്റാരെക്കാളും യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും അവർ അതിരുകടന്ന പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പിച്ചിനെക്കുറിച്ച് കാര്യമായി സംസാരിക്കാതെ മത്സരത്തിൽ ഫോക്കസ് ചെയ്തുകൊണ്ട് വളരെ പ്രൊഷണലായാണ് അവരുടെ താരങ്ങൾ സംസാരിച്ചത്.

സ്വാഭാവികമായും ദുബൈ പിച്ച് സ്പിന്നർമാരുടേതാണ്. എന്നാൽ ന്യൂസിലാൻഡ് താരങ്ങൾ പൊതുവേ സ്പിൻ കണ്ട് തലകറങ്ങുന്നവരല്ല. രചിൻ രവീന്ദ്ര, ഡെവൻ കോൺവേയ്, ഡാരിൽ മിച്ചൽ എന്നിവർ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായിരുന്നു. ദുബൈ പിച്ചിലേതിന് സമാനമായ സ്പിൻ സാഹചര്യങ്ങളാണ് ചിദംബരം സ്റ്റേഡിയത്തിലേത് എന്ന് പറയാറുണ്ട്. മത്സരം മുറുകുന്തോറും പിച്ച് സ്ളോ ആകുന്ന ചിദംബരം സ്റ്റേഡിയത്തിൽ കളിച്ച പരിചയം അവർക്ക് തുണയാകും. കെയിൻ വില്യംസണും സ്പിന്നിനെ നന്നായി എതിരിടുന്ന താരമാണ്. പ്രത്യേകിച്ചും ഇടം കൈയ്യൻ സ്പിന്നർമാ​ർക്കെതിരെ നൂറിന് മുകളിലാണ് വില്യംസന്റെ ആവറേജ്.

ബൗളിങ് ഡിപ്പാർട്മെന്റിലും ന്യൂസിലാൻഡ് ശക്തമാണ്. മാറ്റ് ഹെൻറി ടൂർണമെന്റിലെ ലീഡിങ് വിക്കറ്റ് ടേക്കറാണ്. വില്യം ഒറോർക്ക് ഒത്ത പിന്തുണ നൽകുന്നു. പക്ഷേ മാറ്റ് ഹെൻറിക്ക് പരിക്ക് പറ്റിയത് അവർക്ക് ആശങ്കയാകുന്നുണ്ട്. കളത്തിൽ ഇറങ്ങുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ മുൻനിരയെ അരിഞ്ഞിട്ടത് ഇതേ ഹെന്റിയായിരുന്നു.

സ്പിന്നർമാരായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർക്കൊപ്പം ബ്രേസ് വെല്ലും കളത്തിൽ ഇറങ്ങും. രണ്ടുപേരും ബാറ്റ് ചെയ്യാനും സാധിക്കുന്നവരാണ്. കൂടാതെ ​െഗ്ലൻ ഫിലിപ്സും രചിൻ രവീന്ദ്രയും പന്തെടുക്കുകയും ചെയ്യും. ഇന്ത്യ​യെപ്പോലെ ഒരു ബാലൻസ്ഡ് സംഘമാണ് ന്യൂസിലാൻഡും എന്നർത്ഥം. ഇതേ സ്റ്റേഡിയത്തിൽ ഒരു മത്സരം കളിച്ചതും സെമിക്കും ഫൈനലിനുമിടയിൽ പരിശീലിക്കാൻ കൂടുതൽ ദിവസം ലഭിക്കുന്നതും അവർക്ക് ഗുണകരമാണ്.

മറുവശത്ത് ഇന്ത്യയിലേക്ക് വന്നാൽ ഇന്ത്യ 100 ശതമാനം കോൺഫിഡൻസിലാണ് ​അവസാനത്തെ അങ്കത്തിനിറങ്ങുന്നത്. ദുബൈയിലെ പിച്ചുകൾ ഇതിനോടകം തന്നെ ടീം പഠിച്ചിരിക്കുന്നു. രോഹിതും ഗില്ലും ചേർന്ന ഓപ്പണിങ് അൽപ്പം കൂടി ഉത്തരവാദിത്തം കാണിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു. മൂന്നാം നമ്പറിൽ കോലിയും നാലാം നമ്പറിൽ ശ്രേയസും ടീമിന്റെ നട്ടെല്ലാകുന്നു. കൂടെ അക്സറും രാഹുലും പാണ്ഡ്യയും ജഡേജയും വരെ ബാറ്റേന്തുന്നവർ. എട്ടാം നമ്പറിലുള്ളവർ വരെ ബാറ്റെടുക്കുന്നതിനാൽ ഇന്ത്യക്ക് ആശങ്കകളില്ല. സ്​പെഷ്യലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ചേരുന്നു. പേസ് പടയെ നയിക്കേണ്ട ഉത്തരവാദിത്തമെല്ലാം ഷമിക്കാണ്. ഇതുവരെ തുടർന്ന വിജയസമവാക്യം ആവർത്തിക്കാൻ തന്നെയാണ് ഇന്ത്യൻ ശ്രമം.


എന്നാൽ പിച്ച് നോക്കി അവസാന നിമിഷം ടീം ലൈനപ്പിൽ ഒരു അപ്രതീക്ഷിത മാറ്റം ഉണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നു. രവി ശാസ്ത്രി ഉൾപ്പെടെയുള്ളവരും ഈ വാദം നിരത്തുന്നു. ഫൈനലിന്റെ തീരുമാനങ്ങളെല്ലാം നേരത്തെ പ്രഖ്യാപിച്ചതാണ്. അഥവാ കാലാവസ്ഥ വില്ലനായി മത്സരം വാഷൗട്ടാകുകയാണെങ്കിൽ ഇരു ടീമുകളും സംയുക്ത ജേതാക്കളാകും. എന്നാൽ ദുബൈയുടെ ആകാശത്ത് നിലവിൽ കാർമേഘങ്ങളുടെ ആശങ്കയില്ല. മത്സരം ടൈ ആകുയാണെങ്കിൽ സൂപ്പർ ഓവർ ഉണ്ടാകും. സൂപ്പർ ഓവറും ടൈയായാൽ വീണ്ടും സൂപ്പർ ഓവർ എന്നതാണ് നിയമം. ബൗണ്ടറിയെണ്ണി വിജയിയെ തീരുമാനിക്കുന്ന പ്രശ്നമില്ല.

അപ്പോൾ ഇനി കണ്ണുകളെല്ലാം ദുബൈയിലേക്ക്. കാത്തിരിക്കാം, മറ്റൊരു ത്രില്ലിങ് ഫൈനലിനായി...

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News