ഇന്ത്യക്ക് ചരിത്ര തോൽവി; ഗുവാഹത്തി ടെസ്റ്റിലെ പരാജയം 408 റൺസിന്
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.
സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.