പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ല

ഏഷ്യാ കപ്പിന്‍റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം.

Update: 2024-07-11 06:05 GMT
Editor : rishad | By : Web Desk

മുംബൈ: അടുത്ത വര്‍ഷം(2025) നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഏഷ്യാ കപ്പിന്‍റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം.  ഹൈബ്രിഡ് മാതൃകയിലായിരുന്നു 2023ലെ ഏഷ്യാകപ്പ്. നാലു മത്സരങ്ങൾ പാകിസ്താനിലും ബാക്കിയുള്ള ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലുമായിരുന്നു നടന്നിരുന്നത്. പാകിസ്താനിലേക്കില്ലെന്ന് നിലപാട് എടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലായിരുന്നു. 

Advertising
Advertising

അതേസമയം സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതാണിപ്പോള്‍ ബി.സി.സി.ഐ തള്ളിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് പാകിസ്താന്‍ വേദിയാവുന്നത്.

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് നല്‍കിയിരുന്നു. പാക് ബോര്‍ഡ് നല്‍കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കേണ്ടത്.

ഇന്ത്യയും പാക്കിസ്താനും തമ്മിൽ ഏറെക്കാലമായി ക്രിക്കറ്റ് പരമ്പരകൾ നടക്കുന്നില്ല. രാഷ്ട്രീയപരമായ തീരുമാനത്തിന്റെ കൂടി ഭാഗമായിട്ടാണ് ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ഐസിസിയുടെ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മാത്രമേ ഇന്ത്യയും പാകിസ്താനും ഇപ്പോൾ കളിക്കുന്നുള്ളൂ. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇരു ടീമുകളും തമ്മിൽ അവസാനമായി കളിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News